Second edit

കൂറ മാഹാത്മ്യം

കൂറയെക്കുറിച്ച് നല്ലവാക്കു പറയാന്‍ അധികമാരും മെനക്കെടുമെന്നു തോന്നുന്നില്ല. എന്നാല്‍, ഏതു പരിതസ്ഥിതിയിലും തകരാതെ പിടിച്ചുനില്‍ക്കാന്‍ കരുത്തുള്ള ഏതെങ്കിലുമൊരു ജീവി ഭൂമുഖത്തുണ്ടെങ്കില്‍ അത് കൂറയാണ്. ആണവ വിസ്‌ഫോടനം കഴിഞ്ഞ് ഭൂലോകമാകെ ധൂളിയായാലും കൂറകള്‍ പാഞ്ഞുനടക്കുന്നതു കാണാനായേക്കും.
അതുകൊണ്ടാണ് കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരായ കൗശിക് ജയറാമും റോബര്‍ട്ട് ഫുള്ളും കൂറകളുടെ ജീവിതവും കര്‍മരംഗവും പഠനവിധേയമാക്കിയത്. കൂറകള്‍ അസാധാരണമായ ഗതിവേഗം ആര്‍ജിക്കാനും ഏറ്റവും പ്രയാസം പിടിച്ച വിടവുകളിലൂടെ കടന്നുകയറാനും കഴിവുള്ള കൂട്ടരാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. വേണ്ടിവന്നാല്‍ സ്വന്തം ശരീരഭാരത്തിന്റെ 900 ഇരട്ടി ഭാരം താങ്ങാനും അവയ്ക്കു കഴിയും.
എങ്ങനെയാണ് കൂറകള്‍ക്ക് അതു സാധ്യമാവുന്നത് എന്നു പരിശോധിച്ച ഗവേഷകര്‍ കണ്ടത് പരസ്പരബന്ധിതമായ ചെറു പലകകളായാണ് അവയുടെ ശരീരം രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്. ഈ ശരീരഘടനയാണ് അവയുടെ അസാധാരണമായ കഴിവുകള്‍ക്കു നിദാനം. ഗവേഷകര്‍ പറയുന്നത് ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കഴിവുള്ള റോബോട്ടുകളെ നിര്‍മിക്കുന്നതിന് ഏറ്റവും ഉത്തമമായ മാതൃക കൂറകളാണെന്നാണ്. പ്രകൃതിക്ഷോഭങ്ങള്‍ മൂലവും കെട്ടിടം തകര്‍ന്നുമൊക്കെ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ദുര്‍ഗമമായ ഇടങ്ങളില്‍ ചെന്നെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കൂറകളെ മാതൃകയാക്കിയ റോബോട്ടുകള്‍ ഏറ്റവും ഉചിതമാവും.
Next Story

RELATED STORIES

Share it