കൂറുമാറി വോട്ട്: എട്ട് ജെഡിഎസ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

ബംഗളൂരു: വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കൂറുമാറി വോട്ട് ചെയ്ത എട്ട് വിമത എംഎല്‍എമാരെ ജനതാദള്‍ (സെക്യുലര്‍) സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയില്‍നിന്നുള്ള നാല് രാജ്യസഭാ സീറ്റിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു നടന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ബി എം ഫാറുഖ് മല്‍സരരംഗത്ത് ഉണ്ടായിരിക്കെ വിപ്പ് ലംഘിച്ച് വിമതര്‍ കോണ്‍ഗ്രസ്സിന്റെ മൂന്നാം സ്ഥാനാര്‍ഥിയായ ഐപിഎസ് ഓഫിസര്‍ കെ സി രാമമൂര്‍ത്തിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ പാലസ് ഗ്രൗണ്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് വിമതരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ബി ഇസഡ് സമീര്‍ അഹ്മദ് ഖാന്‍, എന്‍ ചെലുവരസ്വാമി, എച്ച് സി ബാലകൃഷ്ണ, അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, ഇഖ്ബാല്‍ അന്‍സാരി, കെ ഗോപാലയ്യ, രമേഷ് ബന്ദിസിദ്ധിഗൗഡ, ഭീമ നായിക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്ത്.
അഞ്ച് വിമത എംഎല്‍മാര്‍ പാര്‍ട്ടി മാറി വോട്ട് രേഖപ്പെടുത്തുകയും ബിജെപിയുടെ രണ്ടാംസ്ഥാനാര്‍ഥി ലെഹാര്‍ സിങിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 224 അംഗ നിയമസഭയില്‍ ജെഡിഎസിന് 40 അംഗങ്ങളുണ്ടെങ്കിലും ഫാറുഖിന് 33 വോട്ട് മാത്രമാണു ലഭിച്ചത്. രാജ്യസഭയില്‍ അംഗത്വത്തിനു വേണ്ട 45 വോട്ടുകളില്‍ 12 എണ്ണത്തിന്റെ കുറവാണ് ഉണ്ടായത്.
Next Story

RELATED STORIES

Share it