Middlepiece

കൂട്ടിലടച്ച തത്ത ധീരസഖാവിനെ കൂട്ടിലാക്കുന്നു

കൂട്ടിലടച്ച തത്ത ധീരസഖാവിനെ കൂട്ടിലാക്കുന്നു
X
slug-madhyamargamസിബിഐ കൂട്ടിലടച്ച തത്തയാണ്. സുപ്രിംകോടതിയാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. അപ്പീലിന് അവകാശാധികാരമില്ലാത്ത വിശേഷണമാണിത്. ജനങ്ങള്‍ അത് അംഗീകരിച്ചേ മതിയാവൂ. ഈ തത്തയാണ് ഒന്നരലക്ഷം കോടിയുടെ സ്‌പെക്ട്രം അഴിമതി ഉള്‍പ്പെടെ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നത്. ഈ തത്തയ്‌ക്കെതിരേ ഉറഞ്ഞുതുള്ളുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും ഉണ്ട്. തലപൊക്കമുള്ള നിരവധി നേതാക്കന്മാരെയും മന്ത്രിമാരെയും ജയിലിലാക്കിയത് കൂട്ടിലടച്ച ഈ തത്തയാണ്.
തത്തയ്ക്ക് ഇപ്പോഴത്തെ പ്രധാന പണി കേരളത്തിലെ ധീരസഖാക്കളെ വളഞ്ഞിട്ടു പിടിക്കുകയാണത്രെ! കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ വടക്ക് കിടക്കുന്ന കണ്ണൂര്‍ എന്ന ജില്ലയിലെ ജനങ്ങളുടെ കണ്ണിലുണ്ണികളായ ധീരസഖാക്കളെയാണ് തത്ത വളഞ്ഞുപിടിക്കുന്നത്. ഒറ്റയ്ക്കല്ല പിടിത്തം. രാജ്യം ഭരിക്കുന്ന ബിജെപി, രാജ്യം ഭരിപ്പിക്കുന്ന ആര്‍എസ്എസ്, കേന്ദ്രത്തിനെതിരേ സദാ വാളെടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്, സംസ്ഥാന പാര്‍ട്ടിയായ ലീഗ്, മാധ്യമ സിന്‍ഡിക്കേറ്റ്, പിന്നെ അറിയപ്പെടാത്ത പലരും കൂട്ടുചേര്‍ന്നാണ് അജണ്ടയുണ്ടാക്കി തിരക്കഥ രചിച്ച് വളഞ്ഞിട്ടുപിടിക്കല്‍. അത് ഒരു വല്ലാത്ത പിടിക്കലാണ്. ധീരസഖാക്കളാണെങ്കില്‍ പിടിവിട്ടുപോവും. ഒഴിഞ്ഞുമാറലിന് പ്രത്യേകം അഭ്യാസം നേടിയവരായതിനാല്‍ ഇത്രയും കാലം പിടിത്തംകിട്ടിയില്ല. കൂട്ടില്‍ കിടന്ന് തത്ത ഒരുപാട് കരഞ്ഞു. കണ്ടവരും കേട്ടവരും കരഞ്ഞു. പക്ഷേ, കണ്ണൂരിലെ ധീരസഖാക്കള്‍ നെഞ്ചുനിവര്‍ത്തി നടന്നു. മറ്റു സഖാക്കളെപ്പോലെയല്ല കണ്ണൂരിലെ സഖാക്കള്‍. അവര്‍ക്ക് പഠിപ്പും പാസും പത്രാസും വേറെത്തന്നെയാണ്. അവരില്‍ തന്നെ ജയരാജന്‍ എന്നു പേരുള്ള വിഭാഗത്തിനാണെങ്കില്‍ താരപദവിയാണ്. വില്ലാളിവീരന്മാര്‍! കോടതിയെയും ജഡ്ജിമാരെപ്പോലും ഈ വിഭാഗക്കാര്‍ക്ക് പുല്ലാണ്. ഭയം എന്നത് ഇവരെ തൊട്ടുതീണ്ടാറില്ല. പാര്‍ട്ടിയില്‍ ലെനിന്റെ സംഘടനാതത്ത്വം ഇവര്‍ക്കു ബാധകവുമല്ല. രാഷ്ട്രീയ എതിരാളികളായ ഫസല്‍, ടി പി ചന്ദ്രശേഖരന്‍, ഷുക്കൂര്‍ എന്നിവരൊക്കെ കൊല്ലപ്പെട്ടപ്പോള്‍ ഒരു സഖാവിന്റെ നേരെ ജനങ്ങള്‍ വിരല്‍ചൂണ്ടിയിരുന്നു. ഷുക്കൂറിന്റെ ഉമ്മയുടെ കരച്ചില്‍ കേട്ട് കേരള പോലിസ് സഖാവ് ജയരാജന് നേരെ പതുക്കെ ഒന്ന് നോക്കിയിരുന്നു. ആ വെറും നോട്ടം നോക്കിയതിന്റെ പേരില്‍ കേരള പോലിസ് അനുഭവിച്ച ദുരന്തം വാക്കുകളാല്‍ വിവരിക്കാവുന്നതല്ല. പോലിസ് സേന ആകെ ഭസ്മമായി പോവുന്ന നോട്ടമാണ് കണ്ണൂരില്‍നിന്ന് പോലിസിനു നേരെ പിന്നീട് ഉണ്ടായതത്രെ.
മനോജ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ തത്ത ഇവിടെയെത്തി. അപ്പോള്‍ ചിലരുടെ വെപ്രാളം കാണേണ്ടതായിരുന്നു. കൂട്ടിനകത്ത് അജണ്ടയും തിരക്കഥയും തിരയുകയായിരുന്നു അവര്‍. വിശദീകരണങ്ങള്‍ അണികളിലും ജനങ്ങളിലും ജോറായി നടന്നിരുന്നു. കൂട്ടിലടച്ച തത്തയെ കണ്ടപ്പോള്‍ തന്നെ ധീരനായ സഖാവിന് ദേഹമാസകലം അസുഖങ്ങളായി. എന്താണ് അസുഖം എന്നു ചോദിക്കേണ്ടതില്ല. ത്രിദോഷങ്ങളും കോപിച്ചിരിക്കുന്നു. ചികില്‍സയാണെങ്കില്‍ സ്വന്തം സഖാക്കള്‍ ഭരിക്കുന്ന സഹകരണ ആശുപത്രിയില്‍ മാത്രമേ നടത്താന്‍ പറ്റുകയുള്ളു. മറ്റ് ആശുപത്രികളില്‍ ഒന്നും സഖാവിന്റെ അപൂര്‍വ രോഗത്തിന് ചികില്‍സയില്ല. മരുന്നും മറ്റെവിടെയും ലഭിക്കുകയില്ല. പാവം തത്തയ്ക്ക് സഖാവിന്റെ വിഷമം സഹിക്കാന്‍ പറ്റുന്നതല്ല. കൂട്ടിലടച്ചെങ്കിലും തത്ത കാരുണ്യമുള്ള ഒരു കിളിയാണ്. തന്നെപ്പോലെ കൂട്ടില്‍ കഴിഞ്ഞാല്‍ സകല ദോഷങ്ങളും പരിഹരിച്ച് ധീരനായ സഖാവ് ജയരാജന്‍ ആരോഗ്യവാനായി മാറുമെന്ന് തത്ത കരുതി. $
Next Story

RELATED STORIES

Share it