Kasaragod

കൂട്ടിയും കിഴിച്ചും മുന്നണികള്‍; നില മെച്ചപ്പെടുത്തുമെന്ന് അവകാശവാദം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വിജയപ്രതീക്ഷയോടെ ഇരുമുന്നണികളും എന്‍ഡിഎയും. തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ഇടത് മുന്നണി മികവാര്‍ന്ന വിജയം നേടുമെന്നും മഞ്ചേശ്വരം പിടിച്ചെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ക്ക് പുറമെ പിടിച്ചെടുക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ബിജെപി ഇപ്രാവശ്യം ജില്ലയില്‍ ഒരു സീറ്റെങ്കിലും നേടുമെന്ന് എന്‍ഡിഎ നേതാക്കളും അവകാശപ്പെട്ടു.
ഉദുമയില്‍ പോളിങ് വര്‍ദ്ധിച്ചത് യുഡിഎഫിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.മഞ്ചശ്വരത്തും കാസര്‍കോട്ടും യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായ പോളിങ് ശതമാനം തങ്ങളുടെ നിലഭദ്രമാണെന്ന് യുഡിഎഫ് അവകാശപ്പെട്ടു.
തൃക്കരിപ്പൂരില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് എ ല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാല്‍ വിജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും. ഉദുമ മണ്ഡലം പാര്‍ട്ടി നിലനിര്‍ത്തും. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ കള്ളവോട്ട് തടയാന്‍ സാധിച്ചത് തങ്ങള്‍ക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിജെപിക്ക് ജയിക്കാനാവില്ലെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കും. പോളിങ് ശതമാനത്തിന്റെ വര്‍ദ്ധന ഇതാണ് തെളിയിക്കുന്നത്. ഉദുമയില്‍ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും യുഡിഎഫ് വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കും. തൃക്കരിപ്പൂരില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടന്നു. എന്നാല്‍ പിലിക്കോട്, കയ്യൂര്‍, ചീമേനി മേഖലകളിലെ എല്‍ ഡിഎഫ് കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. സിപിഎം സ്വാധീന പ്രദേശങ്ങളില്‍ കള്ളവോട്ട് ചെയ്ത് വിജയമുറപ്പിക്കാനുള്ള ശ്രമമാണ് തൃക്കരിപ്പൂരില്‍ നടന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറവാണെന്നും അതിനാല്‍ ബിജെപിക്ക് വിജയ സാധ്യതയേറെയാണെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
മഞ്ചേശ്വരത്ത് 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കും. മഞ്ചേശ്വരത്ത് മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതിന്റെ ഫലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ-എസ്പി സഖ്യം മല്‍സരിച്ച ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നില മെച്ചപ്പെടുത്തുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു. ഫാഷിസ്റ്റ് മുന്നേറ്റം തടയാന്‍ തങ്ങളുടെ ചി ട്ടയായ പ്രവര്‍ത്തനംമൂലം സാധിച്ചിട്ടുണ്ടെ ന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it