കൂടുതല്‍ വെളിപ്പെടുത്താനുണ്ടെന്ന് മോറിസണ്‍

കെ എ സലിം ന്യൂഡല്‍ഹി:ഗോസ്‌പെല്‍ ഫോ ര്‍ ഏഷ്യയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലിസിനോട് വെളിപ്പെടുത്താമെന്ന് ഇതുസംബന്ധിച്ച് പരാതി നല്‍കിയ നോവ സ്‌കോട്ടിയ പാസ്റ്റര്‍ ബ്രൂസ് മോറിസണ്‍. ദി സ്‌പെക്ടേറ്ററിന് നല്‍കിയ അഭിമുഖത്തിലാണ് മോറിസണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗോസ്‌പെലിനുവേണ്ടി 20 വര്‍ഷം പണം പിരിച്ചുനല്‍കിയ മോറിസണ്‍ ഗോസ്‌പെല്‍ തട്ടിപ്പിനെക്കുറിച്ച് സംശയം തോന്നിയതിനെത്തുടര്‍ന്ന് കെ പി യോഹന്നാന് നിരവധി കത്തുകള്‍ എഴുതിയിരുന്നു. ഈ കത്തുകളും അതിനു നല്‍കിയ മറുപടിയും മോറിസണ്‍ പരാതിക്കൊപ്പം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഓരോ ക്രിസ്മസിനു മുമ്പും പാവപ്പെട്ടവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കാനായി വന്‍തുക ഗോസ്‌പെല്‍ സംഭാവന സ്വീകരിക്കാറുണ്ട്. ഗോസപെല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച 2015ലെ ക്രിസ്മസ് ഗിഫ്റ്റ് കാറ്റ്‌ലോഗില്‍ ഇങ്ങനെ വാങ്ങിയ വസ്തുക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എരുമ (460 ഡോളര്‍), ഒട്ടകം (345 ഡോളര്‍), തയ്യല്‍ മെഷീന്‍ (115 ഡോളര്‍), കര്‍ത്താവിന്റെ കിണര്‍ (1,400 ഡോളര്‍) എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതെല്ലാം സംശയാസ്പദമാണെന്ന് മോറിസണ്‍ പറയുന്നു. 2014 മുതല്‍ ഗോസ്‌പെലിന്റെ തട്ടിപ്പുകളെക്കുറിച്ച് മോറിസണ്‍ സംശയങ്ങള്‍ ഉയര്‍ത്തിയതാണ്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. കാനഡയെക്കൂടാതെ യുഎസില്‍ നിന്നും ഗോസ്‌പെല്‍ പണം പിരിക്കാറുണ്ടായിരുന്നു. ഗോസ്‌പെല്‍ സര്‍ക്കാരുമായി ഒപ്പിട്ട ജോയിന്‍ മിനിസ്ട്രി കരാറിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നായിരുന്നു യോഹന്നാന്റെ അവകാശവാദം. കനേഡിയന്‍ റവന്യു ഏജന്‍സി ചട്ടപ്രകാരം മറ്റൊരു രാജ്യത്ത് നിന്ന്് പണം സ്വീകരിക്കാന്‍ ഇത്തരത്തില്‍ ഒരു കരാര്‍ അനിവാര്യമാണ്. അല്ലെങ്കില്‍ സ്വന്തം വോളന്റിയര്‍മാര്‍ മുഖേന നേരിട്ട് പണം സ്വീകരിക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ പിരിക്കുന്ന പണം സംബന്ധിച്ച് റവന്യു ഏജന്‍സിക്ക് വ്യക്തമായ വിവരം നല്‍കണം. ഇങ്ങനെ ഇന്ത്യയിലക്ക് അയക്കുന്ന പണം ഏതെല്ലാം കാര്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന് ഇന്ത്യയില്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരിക്കണം. ഇത്തരത്തില്‍ പിരിച്ചെടുത്ത പണം ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഇതുസംബന്ധിച്ച രേഖകള്‍ ഇല്ലാതായി എന്ന് മോറിസണ്‍ ചോദിക്കുന്നു. ഈ സംശയങ്ങളെല്ലാം രണ്ടു കൊല്ലം ഗോസ്‌പെലിന്റെ ബോര്‍ഡ് അംഗമായിരുന്ന ഗാരി ക്ലൂലി ഉയര്‍ത്തിയതാണ്. ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ക്ലൂലി ചൂണ്ടിക്കാട്ടുകയും ചെയ്തു. ജോയിന്‍ മിനിസ്ട്രി കരാര്‍ പ്രകാരമാണ് പണം പിരിക്കുന്നതെന്ന് ഗോസ്‌പെലിന്റെ ടെക്്‌സസ് തലവന്‍ എംറിക് അവകാശപ്പെട്ടെങ്കിലും കരാറിന്റെ പകര്‍പ്പും ഓഡിറ്റ് രേഖകളും കാണണമെന്ന് ക്ലൂലി ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് എംറിക് മറുപടി നല്‍കിയില്ല. ഡിസംബര്‍ എട്ടിന്  ഈ രേഖകള്‍ വീണ്ടും ആവശ്യപ്പെട്ടു. പിറ്റേ ദിവസം കാലത്തുതന്നെ ബോര്‍ഡില്‍നിന്ന് പുറത്താക്കിക്കൊണ്ടുളള കത്ത് വീട്ടിലെത്തിയെന്ന് ക്ലൂലി പറയുന്നു. ഗോസ്‌പെല്‍ തട്ടിപ്പായിരുന്നു നടത്തിയിരുന്നതെന്ന് ഇത് സംബന്ധിച്ച് കഴിഞ്ഞ എട്ടു കൊല്ലമായി പഠനം നടത്തുന്ന പ്രഫസര്‍ വാരന്‍ ത്രോക്ക്് മോട്ടനും വ്യക്തമാക്കുന്നുണ്ട്. ത്രോക്ക്്‌മോട്ടന്റെ നിരീക്ഷണങ്ങളും ലോ സൂട്ടിന്റെ ഭാഗമാണ്. കേരളത്തില്‍ യോഹന്നാന്‍ ആഡംബര ഹോസ്പിറ്റലും സ്‌കൂളുകളും സ്ഥാപിച്ചുവെന്ന് ത്രോക്ക്് മോട്ടന്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ തുക വാങ്ങിയാണ് ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നത്. പണക്കാരുടെ മക്കള്‍ക്ക് വേണ്ടിയാണ് സ്‌കൂള്‍. ദലിതുകള്‍ക്ക് വേണ്ടിയല്ല. 9 വര്‍ഷം മുമ്പാണ് യോഹന്നാന്‍ ഗോസ്‌പെല്‍  ആശയവുമായി കാനഡയിലെ ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സമീപിക്കുന്നത്.
Next Story

RELATED STORIES

Share it