thiruvananthapuram local

കൂടുതല്‍ തവണ ഇടതിനെ നെഞ്ചേറ്റി വാമനാപുരം; വികസനത്തിന് കാതോര്‍ത്ത് മണ്ഡലം

വെഞ്ഞാറമൂട്: 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ വാമനപുരം നിയോജക മണ്ഡലത്തില്‍ മല്‍സരം കടുകട്ടിയാകും. മലയോര മേഖലകള്‍ ഏറെയുള്ള മണ്ഡലത്തില്‍ വോട്ടുപിടുത്തവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.
കൊടും ചൂടാണ് പ്രധാന വില്ലന്‍. പൊന്മുടി മുതല്‍ തുടങ്ങി ആറ്റിങ്ങല്‍ നിയോജക മണ്ഡലവും നെടുമങ്ങാട് നിയോജക മണ്ഡലവും അതിരു തിരിക്കുന്ന മണ്ഡലമാണ് വാമനപുരം. നീതി നിഷേധങ്ങള്‍ക്കെതിരേയും കൊള്ളപ്പിരിവിനെതിരേയും സിപിഐയുടെ കിങ്കരന്മാരായ പോലിസിനോടും സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരോടും നേര്‍ക്കുനേര്‍ പോരാടാന്‍ ചങ്കൂറ്റം കാണിച്ച് രക്തസാക്ഷികളായ പട്ടാളം കൃഷ്ണന്‍, കൊച്ചപ്പി പിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെറുവാളം കൊച്ചു നാരായണനാശാരി, രാമേലിക്കോണം പത്മനാഭന്‍, പാങ്ങോട് അലിയാരുകുഞ്ഞ് തുടങ്ങിയവരെ ഓര്‍മയില്‍ സൂക്ഷിച്ച് അഭിമാനം പേറി നടക്കുന്നവരുടെ നാടുകൂടിയാണ് വാമനപുരം മണ്ഡലവാസികള്‍.
നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, നന്ദിയോട്, പനവൂര്‍, പാങ്ങോട്, പെരിങ്ങമ്മല തുടങ്ങി 9 പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് വാമനപുരം നിയോജക മണ്ഡലം.
1965 മുതല്‍ ഇതുവരെയുള്ള 12 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തില്‍ (1965, 1970) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച എം കുഞ്ഞുകൃഷ്ണപിള്ള ജയിച്ചതൊഴിച്ചാല്‍ മറ്റ് അവസരങ്ങളില്‍ വിജയികളായത് ഇടതുസ്ഥാനാര്‍ഥികളാണ്.
എന്‍ വാസുദേവന്‍പിള്ള (1967, 1977), കോലിയക്കോട് കൃഷ്ണന്‍നായര്‍ (1980, 87, 91, 2011), പിരപ്പന്‍കോട് മുരളി (1996, 2001), ജെ അരുന്ധതി (2006) എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടതര്‍. എ നബീസത്ത് ബീവി, ആര്‍ എം പരമേശ്വരന്‍, എന്‍ പീതാംബരക്കുറുപ്പ്, സി കെ സീതാറാം, അഡ്വ. എസ് ഷൈന്‍, അഡ്വ. സി മോഹനചന്ദ്രന്‍, എം കുഞ്ഞുകൃഷ്ണപിള്ള എന്നിവരാണ് മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു തോറ്റവര്‍. ഇതൊക്കെയാണെങ്കിലും തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം വലതിനെയും മാറിമാറി വരിച്ച ചരിത്രമാണ് മണ്ഡലം പരിധിയിലെ പഞ്ചായത്തുകള്‍ക്കുള്ളത്. ഇപ്പോഴാവട്ടെ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം. ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഇടത് മുന്നണിക്കു തന്നെ.
സമുദായം തിരിച്ചുള്ള കണക്കെടുത്താല്‍ നായര്‍ സമുദായത്തിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം.
ഈഴവ സമുദായത്തിനാണ് രണ്ടാം സ്ഥാനം. മുസ്‌ലിം സമുദായം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പട്ടികജാതി-വര്‍ഗക്കാരും ആദിവാസി വിഭാഗങ്ങളും ധാരാളമുണ്ട്. പരമ്പരാഗത ക്രിസ്തുമത വിശ്വാസികള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പരിവര്‍ത്തിത ക്രൈസ്ത വിശ്വാസികള്‍ ഏറെയുണ്ട്.
കൃഷിയാണ് മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ജീവനോപാധി. റബറിന്റെ വിലത്തകര്‍ച്ച മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ വിഷയമാവുമെന്ന വിലയിരുത്തലുമുണ്ട്.
സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം പിന്നിട്ടിട്ടും സഞ്ചാര യോഗ്യമായ റോഡുകളുടെ കുറവും കുടിവെള്ള പ്രശ്‌നവും പട്ടികജാതി-വര്‍ഗങ്ങളും ആദിവാസികളും ഉള്‍പെടെയുള്ള പാര്‍ശ്വവല്‍കൃതരുടെ ജീവിത നിലവാരത്തകര്‍ച്ചയും ഒക്കെ മണ്ഡലത്തില്‍ ഇന്നും പ്രശ്‌നമായി അവശേഷിക്കുന്നു.
Next Story

RELATED STORIES

Share it