കൂടുതല്‍ കള്ളപ്പണ വിവരങ്ങള്‍ പുറത്ത്; ഞെട്ടലോടെ ലോകം

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: പാനമ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന നിയമ-കോര്‍പറേറ്റ് സേവന കമ്പനിയുടെ സഹായത്തോടെ നികുതിയിളവുള്ള രാജ്യങ്ങളില്‍ പണമിടപാട് നടത്തിയ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത്. കമ്പനിയുടെ ചോര്‍ന്ന രഹസ്യരേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. നിരവധി രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നികുതി വെട്ടിക്കാന്‍ രഹസ്യനിക്ഷേപം നടത്തിയെന്ന റിപോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് ആഗോളസമൂഹം ശ്രവിച്ചത്.
ഈ സാഹചര്യത്തില്‍ കള്ളപ്പണ ഇടപാടുകളിലേക്ക് വെളിച്ചം വീശുന്ന പാനമ രേഖകളെക്കുറിച്ച് വിവിധ ഏജന്‍സികളുടെ സംയുക്ത അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന് കീഴിലുള്ള അന്വേഷണവിഭാഗം, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സംഘമാണ് അന്വേഷണം നടത്തുകയെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നികുതിയിളവുള്ള വിദേശരാജ്യങ്ങളില്‍ കമ്പനികള്‍ തുടങ്ങി രാജ്യത്തിന്റെ നികുതിവരുമാനത്തിന് കനത്ത ആഘാതമേല്‍പിച്ച ഇന്ത്യക്കാര്‍ വ്യത്യസ്ത മേഖലകളില്‍നിന്നുള്ളവരാണെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മൊസാക് ഫൊന്‍സെകയുടെ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട അഞ്ഞൂറോളം ഇന്ത്യക്കാരില്‍ രാഷ്ട്രീയ, ബോളിവുഡ്, അധോലോക, വ്യവസായ മേഖലകളില്‍നിന്നുള്ളവരുണ്ട്.
ഡല്‍ഹിയില്‍നിന്നുള്ള ജ്വല്ലറി വ്യവസായിയും മെഹ്‌റാ സണ്‍സ് ജ്വല്ലേഴ്‌സ് ഉടമയുമായ അശ്വനികുമാര്‍ മെഹ്‌റയുടെ പേരാണ് ഇന്നലെ പുറത്തായ രേഖകളില്‍ പ്രധാനം. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ ബഹമാസ്, ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡ് (ബിവിഐ) എന്നിവിടങ്ങളില്‍ 1999നു ശേഷം ഏഴ് കമ്പനികളാണു തുടങ്ങിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബംഗാള്‍ സീനിയര്‍ ക്രിക്കറ്റ് ടീം കോച്ചുമായിരുന്ന അശോക് മല്‍ഹോത്രയും നികുതി വെട്ടിച്ച് പണം സമ്പാദിച്ചവരുടെ പട്ടികയിലുണ്ട്. 2008ല്‍ ബിവിഐയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ ഡയറക്ടറും ഓഹരിയുടമയുമാണ് മല്‍ഹോത്ര.
ഹരിയാനയിലെ പഞ്ച്കുല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിക്ഷേപ-ഐടി മേഖലയിലെ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ഗൗതം സീന്‍ഗല്‍, മധ്യപ്രദേശ് സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച ഇന്‍ഡോര്‍ സ്വദേശി പ്രഭാഷ് സംഗഌ ആരോഗ്യമേഖലയിലെ സാധനങ്ങള്‍ നിര്‍മിക്കുന്ന, പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാവ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ വിനോദ് രാമചന്ദ്ര ജാദവ് തുടങ്ങി നിരവധി പേരുടെ വിവരങ്ങളും ഇന്നലെ പത്രം പ്രസിദ്ധീകരിച്ചു.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ്, ഹോളിവുഡ് നടന്‍ ജാക്കിചാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ കള്ളപ്പണം സംബന്ധിച്ച റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it