ernakulam local

കുസാറ്റില്‍ യുപിഎസ് വാടകയ്ക്ക് എടുത്തതില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

കളമശ്ശേരി: ഓഫിസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റുന്നതിന്റെ ഭാഗമായി കംപ്യൂട്ടറുകള്‍ മറ്റൊരിടത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് യുപിഎസ് വാടകയ്ക്ക് എടുത്തതില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ആക്ഷേപം.
എട്ടുമാസം മുമ്പാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായി ഓഫിസിന്റെ പ്രവര്‍ത്തനം സെമിനാര്‍ കോംപ്ലക്‌സിലേക്ക് മാറ്റിയത്. ഇവിടത്തെ 36ലേറെ വരുന്ന കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടിയാണ് 10 കെവി യുപിഎസ് വാടകയ്ക്ക് എടുത്തത്. യുപിഎസ് പ്രവര്‍ത്തിപ്പിക്കേണ്ട പത്തു ബാറ്ററികള്‍ക്ക് പ്രതിദിനം 1000 രൂപയും യുപിഎസിന് 1000 രൂപ നിരക്കിലും ഇതിന് ഉപയോഗിക്കുന്ന ഒരു പ്ലഗ്ഗ് 15 രൂപ നിരക്കില്‍ 45 പ്ലഗ്ഗുകളുമാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
പ്രതിമാസം 80,000ത്തില്‍പരം രൂപ വാടകനല്‍കിയാണ് കഴിഞ്ഞ ഒന്‍പതുമാസമായി ഇത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുമാസത്തെ ആവശ്യത്തിനായിട്ടാണ് ഇലക്ട്രിക് ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്തത്. എന്നാല്‍ എട്ടുമാസം പിന്നിട്ടിട്ടും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഏറ്റവും മുന്തിയ കമ്പനിയുടെ 10 കെവിയുടെ യുപിഎസ് ടാക്‌സ് ഉള്‍പ്പെടെ അടച്ച് വിലയ്ക്കു വാങ്ങണമെങ്കില്‍ ഒന്നരലക്ഷത്തില്‍ താഴെ രൂപയേ വില വരികയുള്ളൂവെന്ന് ഇലക്ട്രോണിക്‌സ് ഉല്‍പന്ന വില്‍പനക്കാര്‍ പറയുന്നു. അതിന് ഉപയോഗിക്കേണ്ട ബാറ്ററിക്ക് 1,20,000 രൂപ അടക്കം 2,70,000 രൂപ നല്‍കിയാല്‍ പുതിയത് ലഭിക്കുമെന്നിരിക്കെ ഇതിനകം തന്നെ ഏഴുലക്ഷത്തോളം രൂപ ഇതിനായി വാടക ഇനത്തില്‍ നല്‍കിയതായി പറയുന്നു.
ഒരു സ്വകാര്യ ഏജന്‍സിയില്‍നിന്നാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനത്തിന് യുപിഎസ് സംവിധാനം വേണമെന്നിരിക്കെ അത് വിലയ്ക്കു വാങ്ങാതെ വാടകയ്ക്ക് എടുത്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it