thrissur local

കുഴൂര്‍ പഞ്ചായത്തില്‍ മണ്ണ് ഖനനം പുനരാരംഭിക്കാന്‍ ശ്രമം

മാള: കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ തിരുത്ത ഭാഗത്ത് മണ്ണ് ഖനനം പുനരാരംഭിക്കാന്‍ ശ്രമം. തിരുത്തയിലെ എളയാനം പാടശേഖരത്തില്‍ നിന്നും മണ്ണെടുത്ത് കടത്താനാണ് വീണ്ടും ശ്രമം നടക്കുന്നത്.
മല്‍സ്യം വളര്‍ത്താനെന്ന വ്യാജേനയാണിപ്പോള്‍ മണ്ണ് ഖനനം നടത്താന്‍ ശ്രമമുണ്ടായത്. ഇതിന്റെ ഭാഗമായി പാടശേഖരത്തിലേക്ക് വഴിയുണ്ടാക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞു. മല്‍സ്യംവളര്‍ത്തുന്നതിനെന്ന വ്യാജേന പ്രദേശത്തെ കുളങ്ങള്‍ നന്നാക്കാനുള്ള ശ്രമവുമുണ്ടായി. നാല് വര്‍ഷം മുന്‍പ് പ്രദേശത്ത് കളിമണ്‍ ഘനനം നടത്തി നിരവധി ഇഷ്ടിക കളങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ അവസരങ്ങളില്‍ പത്തടിയോളവും അതിലധികവും വരെ പാടശേഖരത്തില്‍ നിന്നും കളിമണ്‍ ഖനനം നടത്തി പുറത്തേക്കും കടത്തിയിരുന്നു.
മൂന്നടി ആഴത്തില്‍ മണ്ണ് ഘനനം നടത്താനുള്ള അനുമതി നേടിയും അല്ലാതേയുമാണ് വന്‍ കുളങ്ങളായി പാടശേഖരത്തെ മാറ്റിയിരുന്നത്. അക്കാലങ്ങളില്‍ കുളങ്ങളാക്കിയവയില്‍ പലതും മൂടാതെ കിടക്കുകയാണ്. ഇവയിലൊന്നിലാണ് കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥി കാല്‍ വഴുതി വീണ് മരിച്ചത്. തിരുത്ത, മുത്തുകുളങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ മണ്ണ് ഘനനം നടത്തിയ നിരവധി പാടശേഖരങ്ങളില്‍ ഇത്തരം കുളങ്ങളുണ്ട്.
ഇതുമൂലം വര്‍ഷം മുഴുവനും വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. വര്‍ഷക്കാലങ്ങളില്‍ ഒറ്റപ്പെടുന്ന തുരുത്തുകളിലെ ജനങ്ങളുടെ പേടിസ്വപ്‌നമാണ് ഈ ജലാശയങ്ങള്‍.
പ്രദേശങ്ങളിലെ ഏക്കറുകണക്കിന് ഭൂമി മണ്ണ് മാഫിയകളുടെ കൈപ്പിടിയിലാണ്. ഈ യാഥാര്‍ത്ഥ്യം ഭീതിയിലാക്കുകയാണ് ഈ പ്രദേശങ്ങളിലുള്ളവരെ. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ അധികൃതരുടേയും ജനങ്ങളുടേയും ശ്രദ്ധ മാറുമ്പോള്‍ മണ്ണ് മാഫിയകളുടെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുമോയെന്ന ആശങ്കയുമുണ്ട്. നേരത്തെയുണ്ടായ മണ്ണ് ഘനനം മൂലം കുടിവെള്ളം പോലും പ്രദേശങ്ങളില്‍ ലഭീക്കാത്ത അവസ്ഥയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലിസ് അധികൃതര്‍ തയ്യാറാകണമെന്നും മണ്ണ് ഘനനം തടയണമെന്നുമാണ് നാട്ടുകാരില്‍ നിന്നുയരുന്ന ആവശ്യം.
റവന്യൂ വകുപ്പും പോലിസും ജനപ്രതിനിധികളും കൂട്ടായി ശ്രമിച്ചാല്‍ ഇവിടത്തെ കളിമണ്‍ ഘനനം എന്നന്നേക്കുമായി നിര്‍ത്താമെന്നും അഭിപ്രായമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it