കുഴിബോംബ് പൊട്ടി പരിക്കേറ്റ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികളുടെ കുഴിബോംബ് നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്ന സിആര്‍പിഎഫ് ഓഫിസര്‍ മരിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ശ്യാംനിവാസ് ആണ് മരിച്ചത്. കുഴിബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. മാര്‍ച്ച് 11നായിരുന്നു സ്‌ഫോടനം. ഹൈദരാബാദ് ആശുപത്രിയിലാണു ശ്യാംനിവാസ് മരിച്ചത്. അദ്ദേഹത്തിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. ആന്ധ്രപ്രദേശിലെ രംഗറെഡ്ഡി ജില്ലക്കാരനായ ശ്യാംനിവാസ് 1993ലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മറ്റൊരു ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രഭാകര്‍ ത്രിപാഠി, ഹെഡ്‌കോണ്‍സ്റ്റബിള്‍ രംഗരാഘവന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. രാഘവന്‍ അന്നുതന്നെ മരിച്ചു. ത്രിപാഠി സുഖംപ്രാപിച്ചുവരികയാണ്.
Next Story

RELATED STORIES

Share it