palakkad local

കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി പാഴിയോട് സംഘര്‍ഷം

ആലത്തൂര്‍: മേലാര്‍കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ചിറ്റിലഞ്ചേരി പാഴിയോട് സംഘര്‍ഷം. മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡില്‍ പാഴിയോട് കുടിവെള്ള പദ്ധതിക്കായി ആലുംപാറയ്ക്ക് സമീപം കുഴിക്കുന്ന കുഴല്‍കിണറിനെ ചൊല്ലിയാണ് പ്രദേശത്ത് ഇരുചേരികളായി വെള്ളിയാഴ്ച്ച രാത്രി സംഘര്‍ഷമുണ്ടായത്.
പദ്ധതിക്കായി കിണര്‍ കുഴിച്ചാല്‍ സ്വകാര്യ വ്യക്തികളുടെ കുഴല്‍കിണറിലെ വെള്ളം ഇല്ലാതാകുമെന്ന് ആരോപിച്ച് നാല് വീട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതറിഞ്ഞ് കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന നൂറോളം വരുന്ന വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കിണര്‍ കുഴിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് വെള്ളിയാഴ്ച്ച ഏഴുമണിമുതല്‍ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി. ശനിയാഴ്ച്ച ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് പോലീസ് അറിയിച്ചതോടെ വീട്ടമ്മമാരുടെ പ്രതിഷേധം പോലീസിന് നേരെയായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മായന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.വേണു, ഗ്രാമപഞ്ചായത്തംഗം ഉഷ ഗോപിനാഥ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഭൂഗര്‍ഭ ജലവകുപ്പിന്റെ കുഴല്‍കിണര്‍ സ്ഥാപിക്കാനുള്ള അനുമതിയുണ്ടെന്ന് അറിയിച്ചു. രാത്രി പത്തരയോടെ കുഴല്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടമ്മമാര്‍ പിരിഞ്ഞുപോയത്.
Next Story

RELATED STORIES

Share it