kannur local

കുറ്റിയാട്ടൂര്‍ അരിക്ക് വിപണിയില്‍ മികച്ച സ്വീകാര്യത

കണ്ണൂര്‍: ആഗോളവിപണിയില്‍ ഇടം നേടിയ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ശേഷം കുറ്റിയാട്ടൂര്‍ ബ്രാന്റില്‍ വിപണിയിലെത്തിയ അരിക്കും മികച്ച സ്വീകരണം. തവിട് കളയാതെ നിര്‍മിക്കുന്ന കുറ്റിയാട്ടൂര്‍ അരിയുടെ ചോറിനും കഞ്ഞിവെള്ളത്തിനും രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് പരമ്പരാഗത കര്‍ഷകര്‍ പറയുന്നത്. കുറ്റിയാട്ടൂര്‍ അസി. കൃഷി ഓഫിസര്‍ പി പി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഉല്‍പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ഏറെക്കാലമായി തരിശായിക്കിടന്നിരുന്ന 98 വയലുകളിലാണ് കൃഷിയിറക്കിയത്. നാട്ടുകാരും വിദ്യാര്‍ഥികളും പഞ്ചായത്ത് അധികൃതരും ഒത്തുപിടിച്ചാണ് വയലുകള്‍ വീണ്ടും നെല്‍കൃഷിക്ക് അനുയോജ്യമാക്കിയത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ സാന്നിധ്യത്തിലാണ് നടീല്‍ ഉല്‍സവവും പിന്നീട് കൊയ്ത്തുല്‍സവവും നടന്നത്.
ഏഴര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തതില്‍ നിന്ന് ലഭിച്ച 12 ടണ്‍ നെല്ല് പാലക്കാട്ടെ സംസ്‌കരണ യൂനിറ്റില്‍ കൊണ്ടുപോയി തവിട് കളയാതെ സംസ്‌കരിച്ചെടുത്താണ് വിതരണത്തിനൊരുക്കിയത്. കഴിഞ്ഞ ഏപ്രില്‍ 10ന് വിഷുവിപണിയിലാണ് കുറ്റിയാട്ടൂര്‍ ബ്രാന്റഡ് അരി ആദ്യമായെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ഏഴര ക്വിന്റല്‍ അരി വിറ്റഴിച്ചു. ഒരു കിലോ അരിക്ക് 70 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് അരിവില്‍പന.
രക്തസമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് തവിട് അരിയുടെ കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനാല്‍ നിരവധി ആവശ്യക്കാര്‍ അരി അന്വേഷിച്ചെത്തുന്നുണ്ടെന്ന് അസി. കൃഷി ഓഫിസര്‍ പി പി കൃഷ്ണന്‍ പറഞ്ഞു. പോഷകഗുണത്തിലും മുന്നില്‍ നില്‍ക്കുന്നതാണ് കുറ്റിയാട്ടൂര്‍ അരി. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.
Next Story

RELATED STORIES

Share it