കുറ്റിയാടി നിസാര്‍ വധശ്രമം: നാലാം പ്രതി അറസ്റ്റില്‍

വടകര: കുറ്റിയാടിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്‍ ആര്‍ എം നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. നാലാംപ്രതി കല്ലാച്ചി ചേലക്കാട് തറമ്മല്‍ വീട്ടില്‍ ബാലന്റെ മകന്‍ അഖില്‍(21) ആണ് പിടിയിലായത്. ഇയാളെ ഇന്ന് നാദാപുരം കോടതിയില്‍ ഹാജരാക്കും. കടയില്‍ കയറി നിസാറിനെ രണ്ടാമതു വെട്ടിയത് അഖിലാണെന്നു പോലിസ് പറഞ്ഞു.
കല്ലാച്ചി ബിനു വധക്കേസിലെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പ്രതി സമ്മതിച്ചതായും കുറ്റിയാടി സിഐ അറിയിച്ചു. 2013ല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയാണ് ഡി വൈ എഫ്‌ഐ പ്രവര്‍ത്തകനായ അഖില്‍. ഈ കേസില്‍ വിചാരണ നടക്കുകയാണ്. നിസാറിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി ചേലക്കാട്ടെ വീട്ടിലും എടച്ചേരിയിലെ വാടക വീട്ടിലുമാണ് ഒളിവില്‍ താമസിച്ചത്. കേസിന്റെ വിവരങ്ങള്‍ അറിയാന്‍ ഇന്നലെ കല്ലാച്ചിയില്‍ എത്തിയപ്പോള്‍ അറസ്റ്റിലാവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അതേസമയം, ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല.
അക്രമത്തിനു ശേഷം പ്രതി എത്തിപ്പെടാന്‍ ഇടയുള്ള എടച്ചേരിയിലെ വാടക വീടുള്‍െപ്പടെയുള്ള പ്രദേശങ്ങള്‍ പോലിസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്നിട്ടും രണ്ടാഴ്ചയോളം പ്രതി അവിടങ്ങളില്‍ ഒളിവില്‍ താമസിച്ചുവെന്ന പോലിസ് ഭാഷ്യം സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഇന്നലെ അറസ്റ്റിലായ യുവാവിന് പുറത്തും കാലിലും ബോംബേറില്‍ മുറിവേറ്റതിന്റെ പാടുകളുണ്ട്. എന്നാല്‍, ഇയാള്‍ എവിടെയാണ് ചികില്‍സ തേടിയതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലിസ് മറച്ചുവയ്ക്കുകയാണ്.
നിസാര്‍ വധശ്രമക്കേസില്‍ സിപിഎമ്മും പോലിസും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപങ്ങളെ ബലപ്പെടുത്തുന്നതാണ് സംഭവവികാസങ്ങള്‍. പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ച് സിപിഎം പ്രതികളെ ഹാജരാക്കുകയാണെന്ന ആരോപണത്തെ സാധൂകരിക്കുംവിധമാണ് കേസില്‍ നാലാംപ്രതിയുടെ അറസ്റ്റും അരങ്ങേറിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്.
Next Story

RELATED STORIES

Share it