kozhikode local

കുറ്റിയാടി ആക്രമണംകലാപമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചന

വടകര: കുറ്റിയാടിയില്‍ ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകനെ കടയില്‍ കയറി വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ കാലങ്ങളായുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് സൂചന. അക്രമത്തില്‍ മാരകമായി പരിക്കേറ്റ ചെറിയ കുമ്പളം രയരോത്ത് വീട്ടില്‍ ആര്‍ എം നിസാര്‍ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ രാഷ്ട്രീയ മുന്നേറ്റം നടത്തുകയും കുറ്റിയാടി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിക്കുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. വര്‍ഷങ്ങളായി പ്രദേശത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയമായി തളര്‍ച്ചയിലായിരുന്നു. പതിനാല് വര്‍ഷം മുമ്പ് കല്ലാച്ചിയില്‍ ഈന്തുള്ളതില്‍ ബിനു കൊല്ലപ്പെട്ട കേസില്‍ പ്രതികാരം ചെയ്യണമെന്ന് സിപിഎം അണികളില്‍ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അണികളുടെ വികാരം നിറവേറ്റാനായില്ല. 2010ലെ തദ്ദേശ തിരഞ്ഞടുപ്പിലും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നര വര്‍ഷം മുമ്പത്തെ ലോക്‌സഭാ തിരഞ്ഞടുപ്പിലുമൊക്കെ മേഖലയില്‍ അണികളുടെ ആവേശമില്ലായ്മ പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇക്കഴിഞ്ഞ തദ്ദേശ തിരിഞ്ഞെടുപ്പിലും അണികളിലെ നിര്‍ജീവത ആവര്‍ത്തിക്കാതിരിക്കാന്‍ പലതരത്തിലുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റിയത്.
ബിനു വധക്കേസിലെ പ്രതികള്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടന്നതായും സൂചനയുണ്ട്. ഇന്നലെ അക്രമിക്കപ്പെട്ട നിസാറിനെ അപായപ്പെടുത്താന്‍ സിപിഎം ശ്രമങ്ങള്‍ നടത്തുന്നതായി പോലിസിന് പല ഘട്ടങ്ങളില്‍ വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പോലിസ് തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. പ്രതികാരത്തിനായി തദ്ദേശ തിരിഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം എന്ന സൂചനകളും പോലിസിന് ലഭിച്ചു. ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമായി നടപ്പാക്കിയതാണെന്നതിന്നും തെളിവുകളുണ്ട്. വധശ്രമത്തിനിരയായ നിസാറിന്റെ പര്‍ദ കട കുറ്റിയാടി-വടകര റോഡിലെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒഴിഞ്ഞ മൂലയിലാണ്.
അക്രമണത്തിനു ശേഷം രക്ഷപ്പെടാനുള്ള വഴികളും പ്രതികള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. നിസാര്‍ അക്രമിക്കപ്പെട്ട കടയുടെ പിന്‍ഭാഗത്ത് കൂടെയുള്ള പോക്കറ്റ് റോഡ് സിപിഎം കേന്ദ്രങ്ങളായ കൈവേലി, കായക്കൊടി തുടങ്ങിയ ഇടങ്ങളില്‍ എളുപ്പം എത്താവുന്ന വഴിയാണ്. അക്രമണത്തിനു ശേഷം പ്രതികള്‍ ഈ വഴിക്ക് തന്നെയാണ് ബൈക്കുകളില്‍ രക്ഷപ്പെട്ടത്. യുവാവിനെ കടയില്‍ കയറി വധിക്കാന്‍ ശ്രമിച്ച ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ അസത്യ പ്രചാരണങ്ങളുമായി സിപിഎം കേന്ദ്രങ്ങള്‍ രംഗത്തു വന്നതും ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നു. കടയ്ക്കുള്ളില്‍ നിന്ന് ബോംബ് പൊട്ടി എസ്ഡിപിഐ പ്രവര്‍ത്തകന് പരിക്കു പറ്റി എന്ന നിലയിലാണ് സിപിഎം കേന്ദ്രങ്ങള്‍ സംഭവം പ്രചരിപ്പിച്ചത്. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം അണികളെ സജീവമാക്കാന്‍ ഉപകരിക്കില്ലെന്ന തിരിച്ചറിവില്‍ നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ ആക്രമണമാണ് ഇന്നലെ കുറ്റിയാടിയില്‍ അരങ്ങേറിയതെന്നാണ് പൊതു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it