kozhikode local

കുറ്റിയാടിയില്‍ സിപിഎം നേരിട്ടത് കനത്ത തോല്‍വി

വടകര: കോഴിക്കോട് ജില്ലയിലെ വന്‍ എല്‍ഡിഎഫ് മുന്നേറ്റത്തിനിടയിലും കുറ്റിയാടിയിലെ തോല്‍വി സിപിഎമ്മിന് ഹൃദയം നുറുങ്ങുന്നതായി. ആറു മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ നല്ല മേല്‍ക്കോയ്മ നേടിയ സിപിഎമ്മിന് കനത്ത പ്രഹരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ചത്.
2006 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കെ ലതികയുടെ പരാജയം ഉള്‍ക്കൊള്ളാനാവാത്ത മാനസികാവസ്ഥയിലാണ് സിപിഎം പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല നിയുക്ത മന്ത്രി എന്ന നിലയില്‍ പോലും വിശേഷിപ്പിച്ചാണ് സിപിഎം ലതികക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. ജില്ലയില്‍ പ്രചാരണത്തില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ കേന്ദ്രീകരിച്ച മണ്ഡലമായിരുന്നു കുറ്റിയാടി. പ്രകാശ് കാരാട്ട് പോലും പ്രചാരണത്തിനെത്തി. വിജയം സുനിശ്ചിതമെന്ന കണക്കു കൂട്ടലിലാണ് ലതികക്ക് മൂന്നാം തവണയും കുറ്റിയാടിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയത്.
തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ക്ക് മുമ്പെ തന്നെ സിപിഎം ലതിക്കക് വേണ്ടിയുള്ള അണിയറ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വൈകിയാണ് പ്രഖ്യാപിച്ചത്.
പാറക്കല്‍ അബ്ദുല്ല(മുസ്‌ലിം ലീഗ്) മണ്ഡലത്തിന് എത്തുന്നതിന് മുമ്പ് ലതിക ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കുകയും ചെയ്തു.
കുറ്റിയാടിയില്‍ സിപിഎം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും പ്രചാരണത്തില്‍ യുഡിഎഫ് ഏറെ മുന്നേറിയതോടെ സിപിഎമ്മിന് അപകടം മണത്തിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ബൂത്ത് തലങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ എതിരായതോടെ പാര്‍ട്ടി തോല്‍വി ഉറപ്പിച്ചെങ്കിലും വോട്ടെണ്ണലില്‍ ലീഡ് നില മാറി മറിഞ്ഞത് സിപിഎമ്മിന് വീണ്ടും പ്രതീക്ഷയേകി. എന്നാല്‍ അന്തിമ ഫലത്തില്‍ 1157 വോട്ടിന് ലതികക്ക് കീഴടങ്ങേണ്ടി വന്നു.
കുറ്റിയാടി മണ്ഡലം നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് നടന്നത്. നേരത്തെ മേപ്പയ്യൂരിന്റെ ഭാഗമായിരുന്നു.
Next Story

RELATED STORIES

Share it