palakkad local

കുറ്റവാളികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് ജയില്‍ ദിനാഘോഷം അനിവാര്യം

പാലക്കാട്: ഒരു ദുര്‍ബല നിമിഷത്തെ മാനസികാവസ്ഥയില്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന കുറ്റവാളികള്‍ നമുക്കിടയിലുണ്ടാകാമെന്നും ഇത്തരം കുറ്റവാളികളുടെ മാനസിക-ശാരീരികാവസ്ഥയ്ക്ക് ശക്തിപകരാന്‍ ജയില്‍ദിനാഘോഷങ്ങള്‍ പോലുള്ളവ സഹായകമാകുമെന്ന് ഷാഫിപറമ്പില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. തടവുകാരുടെ ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജയില്‍ ദിനാഘോഷ പരിപാടികള്‍ പാലക്കാട് സബ് ജയിലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
108 തടവുകാര്‍ പങ്കെടുത്ത ജയില്‍ ദിനാഘോഷത്തില്‍ ഉത്തരമേഖല പ്രിസണ്‍സ് ഡിഐജി ശിവദാസ് കെ തൈപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഒരിക്കല്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടതിന്റെ പേരില്‍ സമൂഹത്തില്‍നിന്നും അകന്നുകഴിയേണ്ടി വരുന്നവര്‍ക്ക് തെറ്റുകള്‍ ആവര്‍ത്തിക്കാതെ പൊതുസമൂഹവുമായി ബന്ധപ്പെടുന്നതിനും നല്ല ജീവിതത്തിലേക്കു വരാനും അവസരം നല്‍കുന്നതാണ് ഇത്തരം ആഘോഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മലമ്പുഴയില്‍ പണി പൂര്‍ത്തിയായി വരുന്ന സബ്ജയില്‍ അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിഎം യു നാരായണന്‍കുട്ടി, സ്‌പെഷ്യല്‍ സബ്‌ജെയില്‍ സൂപ്രണ്ട്, ആര്‍ മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുജാത കണ്ണന്‍, സബ്ജയില്‍ സൂപ്രണ്ട് ആര്‍ മോഹന്‍, ജില്ലാ ആശുപത്രി ആര്‍എംഒ പത്മനാഭന്‍, ഉത്തരമേഖലാ ജെയില്‍ വെല്‍ഫയര്‍ ഓഫിസര്‍ വി പി സുനില്‍കുമാര്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈഎസ്പി മുഹമ്മദ് കാസിം, വനിതാ ജെയില്‍ വെല്‍ഫയര്‍ ഓഫിസര്‍ കെ ലക്ഷ്മി, യാക്കര ഹോളിട്രിനിറ്റി ചര്‍ച്ച് വികാരി ഫാ. മാര്‍ട്ടിന്‍ തട്ടില്‍, പേരൂര്‍ രാജഗോപാലന്‍ മാസ്റ്റര്‍, എം മജീദ് സംസാരിച്ചു.
അസി. ജയില്‍ സൂപ്രണ്ടുമാരായ അസി മണ്‍സൂര്‍ അലി, രാജരാജവര്‍മ്മ, ഡിപിഒമാരായ സി ആര്‍ വിജയകുമാര്‍, സതീഷ് ബാബു, വി മുരളീധരന്‍, അപ്പുക്കുട്ടി എന്നിവരും സി പി രാജേഷ്, മിനിമോള്‍, ശ്യാമളംബിക, കൃഷ്ണമൂര്‍ത്തി, ഷിബു, അനില്‍കുമാര്‍ ജയില്‍ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഡ്രീംസ് ഓര്‍ക്കസ്ട്രായുടെ മിമിക്‌സ് & ഗാനമേളയും നടന്നു.
Next Story

RELATED STORIES

Share it