wayanad local

കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന്; കര്‍ഷകന്റെ മൃതദേഹവുമായി പ്രതിഷേധം 

മീനങ്ങാടി: ആത്മഹത്യചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ കുറ്റാരോപിതരുടെ വീട്ടിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടി ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്നാനക്കുഴി യൂക്കാലിക്കവല ഞാറ്റടി ഞപ്പള്ളം ബിജുമോന്റെ (43) മൃതദേഹവുമായാണ് നാട്ടുകാര്‍ ഇന്നലെ ഉച്ചയോടെ കുറ്റാരോപിതരുടെ വീട്ടിലെത്തി പ്രതിഷേധിച്ചത്.
ബിജുമോന്റെ മരണത്തിന് കാരണക്കാരായ അയല്‍വാസികള്‍ അരയഞ്ചേരിക്കാലായില്‍ രാജു, സഹോദരി മേരിക്കുട്ടി, മേരിക്കുട്ടിയുടെ മകന്‍ ജോണ്‍ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച കാണാതായ ബിജുമോനെ ചൊവ്വാഴ്ച മാനന്തവാടി ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് വിഷക്കുപ്പിയും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇതില്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ രാജുവും സഹോദരി മേരിക്കുട്ടിയും മകനുമാണെന്നുമാണുള്ളത്. ഇക്കഴിഞ്ഞ എട്ടിന് രാജുവും സംഘവും ബിജുവിനെ യൂക്കാലിക്കവലയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ചികില്‍സ തേടിയ ബിജു മീനങ്ങാടി പോലിസില്‍ പരാതി നല്‍കി.
എന്നാല്‍, കാര്യമായ നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടുമാണ് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആംബുലന്‍സില്‍ മൃതദേഹവുമായെത്തിയ നാട്ടുകാരെ ഞാറ്റടിയിലുള്ള രാജുവിന്റെ വീടിന് അര കിലോമീറ്റര്‍ അകലെ പോലിസ് തടഞ്ഞു. എന്നാല്‍, അല്‍പ്പ സമയത്തിനകം വീട്ടിലേക്ക് പ്രതിഷേധം നീങ്ങി. ഇവിടെയെത്തിയ ഉടന്‍ ബുജുവിനെ മര്‍ദ്ദിക്കുന്നതിന് രാജുവിനൊപ്പം ഉണ്ടായിരുന്നെന്നു പറയുന്ന ഞാറ്റടി തുരിത്തില്‍ തങ്കച്ചന്‍, ഇയാളുടെ ഭാര്യാസഹോദരന്‍ മോഹന്‍ദാസ് എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
തുടര്‍ന്ന് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാജുവിന്റെ വീട്ടുമുറ്റത്ത് വച്ചു പ്രതിഷേധിച്ചു. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈഎസ്പി അസൈനാര്‍ സ്ഥലെത്തി കുറ്റക്കാരെ ഉടന്‍ പിടികൂടാമെന്നറിയിച്ചെങ്കിലും നാട്ടുകാര്‍ പിന്‍മാറിയില്ല.
വൈകീട്ട് വീണ്ടും നടന്ന ചര്‍ച്ചയില്‍ രാജുവിന്റെയും സഹോദരിയുടെയും മകന്റെയും പേരില്‍ 306 വകുപ്പ് പ്രകാരം കേസെടുക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it