Kerala

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ കേരളം മുന്നില്‍

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെന്ന് റിപോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കേരളത്തില്‍ 77.8 ശതമാനം കേസുകളിലും കുറ്റം തെളിയിക്കപ്പെട്ടു. ദേശീയതലത്തില്‍ 45 ശതമാനം മാത്രമാണിത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിനു തൊട്ടുപിന്നിലുള്ള തമിഴ്‌നാട്ടില്‍ 65.9 ശതമാനം കേസുകളാണു തെളിയിക്കപ്പെട്ടത്. ബിഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. 10 ശതമാനം.
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിലും മാതൃകാപരമായ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തുണ്ടായത്. 1992ല്‍ 19.6 ശതമാനം കേസുകള്‍ മാത്രം തെളിയിക്കപ്പെട്ടപ്പോള്‍ 2002 ആയപ്പോള്‍ ഇത് ഇരട്ടിയിലേറെയായി വര്‍ധിച്ച് 50.2 ശതമാനമായി. 2012 ആയപ്പോള്‍ 65 ശതമാനമായി വര്‍ധിച്ചു. 2013ല്‍ 68 ശതമാനം കേസുകളില്‍ കുറ്റം തെളിയിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. ശാസ്ത്രീയമായ അന്വേഷണ രീതികളും പ്രോസിക്യൂഷന്‍ നടപടികള്‍ മെച്ചപ്പെട്ടതുമാണ് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ വര്‍ധനവുണ്ടാവാന്‍ കാരണം. കൂടാതെ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അവബോധം വര്‍ധിച്ചതാണ് ഇതിനുകാരണം.
അതേസമയം, സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തരവകുപ്പ് ഓപറേഷന്‍ സുരക്ഷ ആരംഭിച്ചശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കുറവു വന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓപറേഷന്‍ സുരക്ഷയ്ക്കു തുടക്കം കുറിച്ച മാര്‍ച്ച് ഒന്നുമുതല്‍ ജൂലൈ വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്‍വര്‍ഷങ്ങളിലെ ഇതേ കാലയളവിനെക്കാള്‍ കാര്യമായ കുറവു വന്നതായാണ് കേരളാ പോലിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചു മുതല്‍ ജൂലൈ വരെ 1637 പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തെക്കാള്‍ കുറവാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1925 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ 1582 കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ബലാല്‍സംഗ കേസുകള്‍ കഴിഞ്ഞവര്‍ഷം 579 ആയിരുന്നപ്പോള്‍ ഈവര്‍ഷം 499 ആയി കുറഞ്ഞു. എന്നാല്‍, 2012, 2013 വര്‍ഷങ്ങളെക്കാള്‍ ബലാല്‍സംഗ കേസുകളില്‍ വര്‍ധനവുണ്ടായി. യഥാക്രമം 385, 471 കേസുകളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. പൂവാലശല്യവും കുറഞ്ഞു. ഓപറേഷന്‍ സുരക്ഷ ആരംഭിച്ചശേഷം പൂവാലശല്യത്തിന് 112 കേസുകളാണ് ഈവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ 108 ഉം   2013ല്‍ 162 ഉം  2012ല്‍ 169 കേസുകളുമാണ് പൂവാലശല്യത്തിന് എടുത്തത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുന്ന കേസുകള്‍ ഈവര്‍ഷം 63 എണ്ണമാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം 65 കേസുകളും 2013ല്‍ 62ഉം  തട്ടിക്കൊണ്ടുപോവല്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it