കുറിപ്പ് വിവാദം: രാഷ്ട്രീയജീവിതത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയില്ലെന്ന് വിഎസ്; പദവികള്‍ എഴുതി നല്‍കിയെന്നത് വിചിത്രഭാവന

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ ചോദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തു നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വി എസ് അച്യുതാനന്ദന്‍. തനിക്ക് ഏതെങ്കിലും സ്ഥാനം വേണമെങ്കില്‍ കീറക്കടലാസില്‍ എഴുതി ചോദിക്കേണ്ട അവസ്ഥയില്ലെന്നുപറഞ്ഞ് വിവാദ വാര്‍ത്ത നല്‍കിയ മാധ്യമത്തെ പരിഹസിച്ചു കൊണ്ടാണ് വിഎസ് ഫേസ്ബുക്ക് പ്രതികരണത്തിലൂടെ മറുപടി നല്‍കിയത്.
തനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട്. താന്‍കൂടി നട്ടുനനച്ചുണ്ടാക്കിയ സിപിഎം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും സ്വാതന്ത്ര്യവുമുണ്ട്. മറിച്ച് ഒരു കീറക്കടലാസില്‍ എന്തെങ്കിലുമെഴുതി വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നുള്ള കാര്യംപോലും മനസ്സിലാക്കാതെയാണ് വാര്‍ത്ത പടച്ചുവിട്ടവര്‍ അതു വിവാദമാക്കിയതെന്നും വിഎസ് പരിഹസിക്കുന്നു. തനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ യച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല.
സത്യപ്രതിജ്ഞയുടെ ദിനത്തിലും അതിനുമുമ്പുള്ള ദിവസങ്ങളിലും താനും യച്ചൂരിയും തനിച്ചും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു. അപ്പോഴൊന്നും നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതിനല്‍കുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ലെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
യച്ചൂരിതന്നെ ഇതുസംബന്ധിച്ച് പറഞ്ഞത് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ താന്‍ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നല്‍കി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല. ഭരണ പരിഷ്‌കാര ചെയര്‍മാന്‍ സ്ഥാനത്തിന് താന്‍ സമ്മതിച്ചു എന്നും ഈ മാധ്യമം വാര്‍ത്ത പടച്ചുവിട്ടു. എന്നാല്‍, ഇതും അസംബന്ധമാണെന്നും വിഎസ് കുറിക്കുന്നു. ഇത്തരമൊരു പദവിയെക്കുറിച്ച് പാര്‍ട്ടിയിലെ ഒരു ഘടകത്തിലുമുള്ള ആരും തന്നോട് സംസാരിക്കുകയോ താന്‍ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ വാര്‍ത്ത പടച്ചുവിട്ടവര്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തെ കുരുതികൊടുക്കുകയാണെന്നും വിഎസ് പറയുന്നു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും. തന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥാനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട്. അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് കരുതിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇനിയും ജനങ്ങളോടൊപ്പം അവരിലൊരാളായി ഉണ്ടാവുമെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it