കുറിപ്പ് തന്നത് വിഎസ്: യെച്ചൂരി

ന്യൂഡല്‍ഹി/തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് അച്യുതാനന്ദന്റെ കൈയില്‍ കണ്ട കുറിപ്പ് സംബന്ധിച്ചു വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഎസ് തനിക്കാണു കുറിപ്പു നല്‍കിയതെന്നും സ്ഥാനം വാഗ്ദാനം ചെയ്തു താന്‍ അച്യുതാനന്ദന് കുറിപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പിലെ ആവശ്യങ്ങള്‍ ഇതാണ്:
കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫിന്റെ അധ്യക്ഷപദവി, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം. വിഎസിന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ ആരോ എഴുതിയതായിരുന്നു കുറിപ്പ്. ഇതുപോലുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ടെന്നു പറഞ്ഞ് സത്യപ്രതിജ്ഞാ ചടങ്ങിനിടെ അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറിയുടെ കീശയില്‍ ഇട്ടുകൊടുക്കുകയായിരുന്നു. വിഎസിന്റെ പദവികള്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ഈ ആഴ്ച ചേരുന്ന പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗത്തില്‍ ചര്‍ച്ചചെയ്യും. എന്നാല്‍, തീരുമാനമെടുക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുറിപ്പിനു പിന്നില്‍ വിഎസിന്റെ മകന്‍ അരുണ്‍കുമാറാണെന്നാണു സൂചന. പിതാവിനു നല്‍കേണ്ട പദവികള്‍ രേഖപ്പെടുത്തിയ കുറിപ്പ് പേഴ്‌സനല്‍ സ്റ്റാഫ് വഴി വിഎസിനെ ഏല്‍പ്പിച്ചത് അരുണ്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ്. കുറിപ്പ് കൈമാറുന്നതും വായിക്കുന്നതും വിഎസിന്റെയും യെച്ചൂരിയുടെയും മുഖഭാവങ്ങളും ഒടുവില്‍ വിഎസ് കുറിപ്പ് കീശയില്‍ വയ്ക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്.
അച്യുതാനന്ദന്റെ അറിവോടെയാണോ കുറിപ്പ് എഴുതിയതെന്നു വ്യക്തമല്ല. എന്നാല്‍, വായിച്ചശേഷം കുറിപ്പ് യെച്ചൂരിക്ക് കൈമാറാന്‍ വിഎസ് തയ്യാറായതില്‍ ഇതേക്കുറിച്ച് അദ്ദേഹത്തിനും അറിവുണ്ടായിരുന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതിനാല്‍ കാബിനറ്റ് റാങ്കോടെ മന്ത്രിസഭയുടെ ഉപദേശകസ്ഥാനം വിഎസിന് നല്‍കാന്‍ ആലോചനയുണ്ടായിരുന്നു. കേന്ദ്രനേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും തനിക്കു പദവികളില്‍ താല്‍പര്യമില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം. എന്നാല്‍ പ്രതിച്ഛായക്കുതന്നെ കരിനിഴല്‍ വീഴ്ത്തുമെന്ന നിലയിലാണ് കുറിപ്പ് വിവാദം മുന്നോട്ടുപോവുന്നത്.
Next Story

RELATED STORIES

Share it