World

കുര്‍ദ് സൈന്യം സിന്‍ജാറില്‍

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഐഎസ് നിയന്ത്രണത്തിലുള്ള സിന്‍ജാര്‍ നഗരം പിടിച്ചെടുത്തതായി കുര്‍ദ് സൈന്യം അവകാശപ്പെട്ടു. യുഎസ് വ്യോമാക്രമണ പിന്തുണയോടെ കഴിഞ്ഞ ദിവസമാണ് കുര്‍ദുകള്‍ സൈനിക നടപടി തുടങ്ങിയത്. നാലുഭാഗത്തുനിന്നും ഇരച്ചുകയറിയ കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യം കനത്ത ഏറ്റുമുട്ടലിനൊടുവില്‍ ഐഎസിനെ തുരത്തി നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ വടക്ക് ഭാഗത്തുനിന്നും നഗരത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ മുനിസിപ്പല്‍ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നാലെ നഗരവും തങ്ങളുടെ നിയന്ത്രണത്തിലായതായി സൈന്യം അവകാശപ്പെട്ടു. തങ്ങള്‍ ഐഎസ് തിരിച്ചടി പ്രതീക്ഷിച്ചതായും എന്നാല്‍ അതുണ്ടായില്ലെന്നും വലിയ എതിര്‍പ്പില്ലാതെ തന്നെ നഗര നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചതായും കുര്‍ദ് പെഷ്മര്‍ഗ അവകാശപ്പെട്ടു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഐഎസിന്റെ തന്ത്രപ്രധാന കേന്ദ്രമാണിത്. നഗരം തിരിച്ചുപിടിച്ച് ഐഎസിന്റെ റഖയിലേക്കും മൗസിലിലേക്കുമുള്ള വിതരണശൃംഖല തകര്‍ക്കുകയാണ് കുര്‍ദുകളുടെയും സഖ്യകക്ഷികളുടെയും ലക്ഷ്യം.
അതിനിടെ, ഐഎസ് നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ നഗരമായ റമാദി പിടിച്ചെടുക്കാന്‍ സൈനിക നടപടി ആരംഭിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. വ്യോമാക്രമണങ്ങളുടെ പിന്തുണയോടെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലൂടെയാണ് സൈനിക നടപടി തുടങ്ങിയതെന്നു സൈനിക വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷനായ അല്‍ ഇറാഖിയ്യ അറിയിച്ചു. എന്നാല്‍, ഇതുവരെ സൈനിക മുന്നേറ്റം ആരംഭിച്ചിട്ടില്ലെന്നു മേഖലയിലെ മുനിസിപ്പില്‍ വൃത്തങ്ങളെയും പോലിസ് ഓഫിസര്‍മാരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.
സിന്‍ജാര്‍ മേഖലയിലെ ഗ്രാമങ്ങള്‍ പലതും തിരിച്ചുപിടിച്ചതായി കുര്‍ദ് സൈന്യം അവകാശപ്പെട്ടു. 6000ഓളം കുര്‍ദ് പോരാളികളാണ് പോരാട്ടത്തിലുള്ളത്. ഇവര്‍ക്കൊപ്പം യസീദികളുടെ 1,500 പ്രതിരോധപോരാളികളും 300 കുര്‍ദ് പികെകെ ഗറില്ലകളും ഉള്ളതായി സൈനികവക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it