Idukki local

കുരുന്നു പ്രതിഭകള്‍ക്ക് നാടിന്റെ ആദരം

തൊടുപുഴ: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് നാടിന്റെ ആദരം. അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഭാ സംഗമം കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ. അദ്ധ്യക്ഷത വഹിച്ചു.നിസാരമെന്ന് തോന്നുന്ന ചടങ്ങുകളാണ് പലപ്പോഴും വഴിത്തിരിവായി മാറുന്നതെന്നും ജീവിതം ഒരു യാത്രയാണെന്നും അതിന് ഒരു ലക്ഷ്യമുണ്ടെന്നും വൈസ് ചാന്‍സലര്‍ ഡോ. ജെ ലത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 1200-ല്‍ 1200 മാര്‍ക്കും നേടിയ കുമാരമംഗലം എംകെഎന്‍എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രാഹുല്‍ രാജേഷ്, മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍ഷാദ് സുബൈര്‍ എന്നിവര്‍ക്ക് ലാപ്‌ടോപും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.നിയോജകമണ്ഡലത്തിലെ നൂറു ശതമാനം വിജയം നേടിയ 36 സ്‌കൂളുകളെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി യില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കൈവരിച്ച 480 വിദ്യാര്‍ത്ഥികളും പ്ലസ് ടുവില്‍ 166 വിദ്യാര്‍ത്ഥികളും മെമന്റോയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗം പ്രഫ. എം ജെ ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമോള്‍ സ്റ്റീഫന്‍, മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് പി.വേണു, ഇടുക്കി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, ഗാന്ധിജി സ്റ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it