കുരുക്കു മുറുക്കി സിബിഐ; യുഎപിഎ ഭീതിയില്‍ സിപിഎം

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ലോബി യുഎപിഎ ഭീതിയില്‍. പി ജയരാജനെ അറസ്റ്റ് ചെയ്യുമെന്നതിലുപരി ജനവിരുദ്ധ നിയമമായ യുഎപിഎയിലെ വകുപ്പുകള്‍ ഉപയോഗിച്ച് കുരുക്കു മുറുക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനെ വേട്ടയാടുന്നത്. ഇതിനായി കണ്ണൂരിലെ ആര്‍എസ്എസ് നേതൃത്വം കരുക്കള്‍ നീക്കുമെന്നും സിപിഎമ്മിനറിയാം. ഇതിനാലാണ് ഹാജരാവുന്നതിനു പകരം നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. കേസില്‍ ഒരുതവണ പി ജയരാജനെ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനും പി ജയരാജനും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞിരുന്നു.
1999 ആഗസ്ത് 25ന് തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. അന്നുമുതല്‍ സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്ന മനോജിനെതിരേ പലവട്ടം വധശ്രമങ്ങളുണ്ടായി. സിബിഐ വീണ്ടും വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെടുന്നത് അറസ്റ്റിനു മുന്നൊരുക്കമാണെന്നതില്‍ ജില്ലാ നേതൃത്വത്തിനു സംശയമില്ല. എന്നാല്‍, യുഎപിഎയിലെ കടുത്ത വകുപ്പുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് സിപിഎം കണ്ണൂര്‍ നേതൃത്വത്തിന് വന്‍ തിരിച്ചടിയാവും.
ആര്‍എസ്എസുമായി നേര്‍ക്കുനേര്‍ പോരടിക്കുന്ന കണ്ണൂരില്‍ ജയരാജനെ പോലൊരാളെ നിയമക്കുരുക്കില്‍പ്പെടുത്തി കുറച്ചുകാലം തുറുങ്കിലടയ്ക്കാനായാല്‍ അത് രാഷ്ട്രീയനേട്ടമായി ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് കണ്ണൂരിലെ സംഘര്‍ഷം സംബന്ധിച്ച് ഇരുവിഭാഗത്തിന്റെയും ദേശീയനേതൃത്വങ്ങള്‍ തമ്മില്‍ സമാധാന ആഹ്വാനവും വാക്‌പോരും തുടരുന്ന സമയത്ത്. മാത്രമല്ല, ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിബിഐയുടെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തിലേറെയായി ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്കുള്ളതും മുന്‍കൂട്ടി കാണുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജയരാജന്‍ ജയിലിലായാല്‍ അത് പാര്‍ട്ടിയെ ബാധിക്കുമെന്നും നേതൃത്വത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പി ജയരാജനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊലപാതകം തടയാന്‍ ശ്രമിച്ചില്ലെന്ന ദുര്‍ബല വകുപ്പായതിനാല്‍ ഒരു മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും നല്‍കിയെങ്കിലും സിബിഐയുടെ അടുത്ത നീക്കം എന്താണെന്ന് സിപിഎം നിരീക്ഷിക്കുകയാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമോ അതോ വീണ്ടും നോട്ടീസ് അയക്കുമോ എന്നതു സംബന്ധിച്ചും വ്യക്തത ലഭിച്ചിട്ടില്ല. ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ നടത്തിയതു പോലുള്ള പ്രതിഷേധവും അക്രമവും ആവര്‍ത്തിക്കുന്നത് ജയരാജന്റൈ ജാമ്യത്തെ പോലും ബാധിക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. ഏതായാലും സിബിഐ കുരുക്കു മുറുക്കിയതോടെ നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും വഴിയില്‍ പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.
Next Story

RELATED STORIES

Share it