Kollam Local

കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ മാലിന്യങ്ങള്‍ കത്തുമ്പോഴുണ്ടാവുന്ന വിഷപ്പുക: മാമൂട്ടില്‍ക്കടവ് നിവാസികളുടെ ജീവിതം ദുരിത പൂര്‍ണ്ണമാവുന്നു

കാവനാട്: മാമൂട്ടില്‍ക്കടവ് നിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ വര്‍ഷങ്ങളായി നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ കൂടെ കൂടെ കത്തുമ്പോള്‍ വമിക്കുന്ന കനത്ത വിഷപുക ശ്വസിക്കുന്നതാണ് അവരുടെ ജീവിതം ദുരിതപൂര്‍ണമാകാന്‍ കാരണം.

കഴിഞ്ഞ 16ാം തിയ്യതിയോടെ ഡിപ്പോ വളപ്പില്‍ 30 അടിയോളം പൊക്കത്തില്‍ നിറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തി വിഷപ്പുക ഉയരാന്‍ തുടങ്ങിയിരുന്നു. സംഭവമറിഞ്ഞ ഉടന്‍ കൊല്ലത്തേയും പരിസര പ്രദേശങ്ങളിലുമുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ കെടുത്താന്‍ തുടങ്ങി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടും തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞില്ല. സദാസമയവും തീപുകഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തമായ കാറ്റുവീശാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് തീ വീണ്ടും ആളികത്താന്‍ തുടങ്ങിയതോടെ അതില്‍ നിന്നും കനത്ത രീതിയില്‍ വിഷപുക ഉയരാന്‍ തുടങ്ങി. പുകപടിഞ്ഞാറ് വള്ളിക്കീഴ് വരെയും കിഴക്ക് അഷ്ടമുടി കായിലിന് കിഴക്ക് വശമുള്ള തൃക്കടവൂര്‍, കുരീപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വരെയുമെത്തി. വിഷപുക ശ്വസിച്ചതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് ശ്വാസംമുട്ടല്‍, ചുമ എന്നിവയുണ്ടായി.
പുക വീണ്ടും വമിക്കുന്നത് മൂലം ഇവര്‍ക്ക് പലവിധ രോഗങ്ങളും ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശക്തമായ വിഷപ്പുക ഉയര്‍ന്നത് മൂലം സമീപത്തുള്ള മാമൂട്ടില്‍ക്കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ അസ്വാസ്ഥതയുണ്ടായി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് സ്‌കൂളിന് അവധി നല്‍കുകയായിരുന്നു. ചണ്ടി ഡിപ്പോയുടെ സമീപത്ത് താമസിച്ചിരുന്നവരില്‍ 200ലേറെ കുടുംബാംഗങ്ങളെ നേരത്തെ ഒഴിപ്പിച്ചിട്ടാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തിയത്. ഇനിയും ധാരാളം ആളുകള്‍ കായലിന് സമീപവു പ്ലാന്റിന് സമീപവും താമസിക്കുന്നുണ്ട്. അവര്‍ പലപ്പോഴും കതകുകളും ജനാലകളും അടച്ചിട്ടാണ് വീടുകളില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാന്റിനുള്ളില്‍ നിന്നും കനത്ത വിഷപുക ഉയര്‍ന്നത് മുതല്‍ വീടിന്റെ എയര്‍ഹോളുകളില്‍ പോലും തുണി തിരുകി കയറ്റി പുകയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. ഇത്രയേറെ ആളുകള്‍ക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ അത് ഒഴിവാക്കാന്‍ വേണ്ട സത്വര നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയരുകയാണ്. 30 അടിയോളം ഉയരത്തില്‍ വരെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് തീപ്പിടുത്തം വീണ്ടും തുടരാന്‍ കാരണം. തീപ്പിടുത്തമുണ്ടായത് മുതല്‍ അടുത്തുള്ള അഷ്ടമുടി കായലില്‍ നിന്നും മോട്ടര്‍ വഴി പൈപ്പിലൂടെ വെള്ളം എടുത്ത് കോര്‍പറേഷന്‍ ജീവനക്കാര്‍ തീ അണയ്ക്കുന്നുണ്ട്. മാലിന്യങ്ങള്‍ മുഴുവന്‍ ഉണങ്ങികിടക്കുന്നതിനാല്‍ കോര്‍പറേഷനിലെ ഒന്നോ രണ്ടോ ജീവനക്കാരെ കൊണ്ട് പൂര്‍ണമായി തീ കെടുത്താന്‍ കഴിയുന്നില്ല. ഇനിയെങ്കിലും ഉണങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ വെട്ടിമൂടുകയും വലിയ മോട്ടറുകള്‍ ഉപയോഗിച്ച് അടുത്തുള്ള കായലില്‍ നിന്നും വെള്ളമെടുത്ത് തീ അണയ്ക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് കാണിച്ച് മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരും ക്ഷേത്ര ഭാരവാഹികളും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it