wayanad local

കുരങ്ങുപനി: 30 ലക്ഷം അനുവദിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികില്‍സയ്ക്കും ഫണ്ട് തടസ്സമാവില്ലെന്നു ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന കുരങ്ങുപനി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഇതുവരെ നാലു പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.
കുരങ്ങ് ചത്ത സ്ഥലങ്ങളിലേക്ക് പൊതുജനങ്ങളോ ഉദ്യോഗസ്ഥരോ നേരിട്ട് ചെല്ലരുത്. 50 മീറ്റര്‍ ചുറ്റളവില്‍ സൈപര്‍മെത്രിന്‍ വിതറിയ ശേഷം മാത്രമേ അടുത്തേക്ക് ചെല്ലാവൂ. കൂടാതെ ഗം ബൂട്ട്, ഗ്ലൗസ്, ഏപ്രണ്‍, ലേപനങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. അസുഖം ബാധിച്ചതോ ചത്തതോ ആയ കുരങ്ങുകളെ കണ്ടാല്‍ 1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ വിവരം അറിയിക്കണം.
അസുഖം ബാധിച്ച കുരങ്ങുകളെ നിരീക്ഷിക്കുന്നതിനുള്ള കൂടുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. ഇഞ്ചികൃഷിക്ക് വേണ്ടി വനത്തില്‍നിന്നു കരിയില വാരുന്നത് കുരങ്ങുപനി പകരാനിടയാക്കുമെന്നതു കൊണ്ട് കരിയില ശേഖരിക്കരുതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു. കുരങ്ങുപനിക്കെതിരായ പ്രതിരോധ വാക്‌സിന്‍ കൃത്യമായി സ്വീകരിക്കണം. ആദ്യ വാക്‌സിനെടുത്ത് ഒരു മാസത്തിനു ശേഷം രണ്ടാം ഡോസും ആറാം മാസം മൂന്നാം ഡോസും എടുക്കണം.
പിന്നീട് ഓരോ ഡോസ് വീതം അഞ്ചു വര്‍ഷം തുടര്‍ച്ചയായി എടുക്കണം. ചെതലയം പ്രാഥമികാരോഗ്യകേന്ദ്രം ഗോത്രഭാഷയില്‍ തയ്യാറാക്കിയ കുരങ്ങുപനി ബോധവല്‍ക്കരണ ഓഡിയോ സിഡിയുടെ പ്രകാശനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗീത, ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it