wayanad local

കുരങ്ങുപനി: പഞ്ചായത്തുകള്‍ ഫണ്ട് വകകൊള്ളിച്ചില്ല; ജില്ലയില്‍ മരണമടഞ്ഞത് 18പേര്‍

പുല്‍പ്പള്ളി: സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്ത കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും ഒരുരൂപപോലും വകകൊള്ളിച്ചില്ല.
ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി കഴിഞ്ഞ വര്‍ഷം 18 പേര്‍ കുരങ്ങുപനിമൂലം മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വകകൊള്ളിച്ചിട്ടില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുരങ്ങുപനിമൂലം 18 പേര്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് ഈ പഞ്ചായത്തുകളില്‍ കുരങ്ങുപനി റിപോര്‍ട്ട് ചെയ്തത്.
എന്നാല്‍ അതിനുശേഷം കഴിഞ്ഞ ഏപ്രില്‍മാസം മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയും എല്ലാ പഞ്ചായത്തുകളിലും പദ്ധതി നിര്‍വഹണം നടപ്പാക്കുകയും പദ്ധതി വിഹിതം കാര്യക്ഷമമായി ചെലവഴിക്കുകയും ചെയ്തു. രോഗം ബാധിച്ചതായി റിപോര്‍ട്ട് ചെയ്യുകയും രോഗബാധിതര്‍ മരിക്കുകയും ചെയ്ത പഞ്ചയാത്തുകളില്‍പോലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വകകൊള്ളിക്കുകയോ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തില്ല.
രോഗബാധയെതുടര്‍ന്ന് 11 പേര്‍ മരിച്ച ചീയമ്പം എഴുപത്തിമൂന്ന് ആദിവാസി കോളനി ഉള്‍പ്പെടുന്ന പൂതാടി പഞ്ചായത്തില്‍പോലും ഇക്കാര്യത്തില്‍ തുക വകകൊള്ളിക്കുകയോ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തില്ല.
അടുത്ത മാര്‍ച്ച് വരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം തുക വകകൊള്ളിച്ചിരിക്കുന്നത്. മുള്ളന്‍കൊല്ലി അഞ്ച് ലക്ഷവും പുല്‍പ്പള്ളി രണ്ട് ലക്ഷം രൂപയുമാണ് മാറ്റി വച്ചത്.
Next Story

RELATED STORIES

Share it