wayanad local

കുരങ്ങുപനി കൂടുതല്‍ പടരുമെന്നു വിദഗ്ധ സംഘം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ വീണ്ടും കുരങ്ങുപനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം സന്ദര്‍ശനത്തിനായി ജില്ലയിലെത്തി. ആലപ്പുഴ നാഷനല്‍ വൈറോളജി യൂനിറ്റിലെ ശാസ്ത്രജ്ഞനായ ഡോ. ആര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംസ്ഥാന എപ്പിഡോമോളജിസ്റ്റ് ഡോ. കെ സുകുമാരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവുമാണ് ഇന്നലെ രാവിലെ ജില്ലയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം ജില്ലയിലെ രോഗവിവരങ്ങള്‍ വിലയിരുത്താനായെത്തിയത്.
ജില്ലാ ആശുപത്രിയിലെത്തിയ സംഘം ഡിഎംഒ ഡോ. ആശാദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എസ് അജയന്‍, മണിപ്പാല്‍ വൈറോളജി ലാബിലെ ടെക്‌നീഷ്യന്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഈ വര്‍ഷം രോഗം സ്ഥിരീകരിക്കപ്പെട്ട നൂല്‍പ്പുഴ കരിപ്പൂര്‍ കോളനിയിലും മുള്ളന്‍കൊല്ലി ശശിമലയിലും പൂതാടി ചീയമ്പം 73ലും സംഘം സന്ദര്‍ശനം നടത്തി. വനമേഖലകളില്‍ നിന്നു സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ കൂടുതല്‍ ചെള്ളിന്റെ സാന്നിധ്യം കണ്ടെത്തി. ഇതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംഘം നിര്‍ദേശിച്ചു. സംഘാങ്ങള്‍ ഇന്നു ജില്ലയില്‍ വിവിധ പ്രേേദശങ്ങള്‍ സന്ദര്‍ശിക്കുകയും ആരോഗ്യവകുപ്പുമായി അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. അതിനിടെ, കുരങ്ങുപനിക്ക് കാരണമായത് ഹിമോഫൈസാലിസ് വിഭാഗത്തില്‍പ്പെട്ട ചെള്ളാണെന്നു കണ്ടെത്തി. രോഗം വന്ന സ്ഥലത്തുനിന്നു കണ്ടെത്തിയ ചെള്ളിനെ പൂക്കോട് വെറ്ററിനറി കോളജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. വനത്തോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്നവരും വനമേഖലയില്‍ ജോലി ചെയ്യുന്നവരും മൂന്നു ഡോസ് പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും ഇത് ഒരുതവണ മാത്രം എടുത്ത് അവസാനിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
വനത്തില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായി ബൂട്ട് ധരിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും അണുനാശിനികള്‍ ഉപയോഗിക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2013ലാണ് ജില്ലയിലാദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 102 പേര്‍ക്ക് പനി സ്ഥിരീകരിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം രണ്ടു പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it