കുമ്മനത്തിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നു: സിപിഐ

തിരുവനന്തപുരം: ഹിന്ദു വിശ്വാസികളോട് ഇരുമുന്നണികളും അനീതി കാട്ടുന്നുവെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം നടത്തുന്ന പ്രസ്താവനകള്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കുന്നതാണ്. ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് വര്‍ഗീയശക്തികള്‍ നടപ്പാക്കാന്‍ പോവുന്നത്. കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗീയതയുണ്ടാക്കി മതനിരപേക്ഷ മണ്ഡലത്തെ ദുര്‍ബലമാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനെന്ന നിലയില്‍ കുമ്മനത്തിന്റെ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ക്ഷേത്രങ്ങളുടെ പണം കവരുന്നുവെന്ന ആക്ഷേപം കുമ്മനം ഉയര്‍ത്തുന്നത് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനാണ്. ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിന് വിധേയമാണ്. ക്ഷേത്രസ്വത്തൊന്നും രാഷ്ട്രീയക്കാര്‍ കവരുന്നില്ല. കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം ആര്‍എസ്എസ്സിന്റെ കൈകളിലെത്തിക്കാനാണ് ശ്രമം. സ്വകാര്യവ്യക്തികളും ട്രസ്റ്റുകളും നടത്തുന്ന ക്ഷേത്രങ്ങളുടെ കണക്ക് പരിശോധിക്കണമെന്ന് പറഞ്ഞാല്‍ കുമ്മനം അംഗീകരിക്കുമോ. ജനങ്ങളുടെ വിശ്വാസത്തെ കച്ചവടം ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. ഇത് ഗൗരവമായി കാണണം. ഒരു ബെഞ്ചിലിരുന്ന് പഠിക്കുന്നവര്‍ക്ക് രണ്ടുതരം സ്റ്റൈപ്പന്റാണെന്നാണ് മറ്റൊരു പ്രചാരണം.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്ത് മുപ്പതോളം സ്‌കോളര്‍ഷിപ്പുകളുണ്ട്. മതവും ജാതിയുമൊന്നും നോക്കിയല്ല സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സ്റ്റൈപ്പന്റ് നൂറുശതമാനം കേന്ദ്രാവിഷ്‌കൃതമാണ്. ഇതില്‍ വിവേചനം ആരോപിക്കുന്ന കുമ്മനത്തിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ദുഷ്ടബുദ്ധിയാണെന്നും കാനം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുകയാണെന്ന നിലപാട് കാനം വീണ്ടും ആവര്‍ത്തിച്ചു. ന്യൂനപക്ഷം പടിപടിയായി വളര്‍ന്ന് ഭൂരിപക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ 15 വര്‍ഷത്തെ സെന്‍സസ് റിപോര്‍ട്ടുകള്‍ ഇതിന് ഉദാഹരണമാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാവുമ്പോഴുണ്ടാവുന്ന അസന്തുലിതാവസ്ഥയെക്കുറിച്ച് ഇടതുപക്ഷം ജാഗ്രത പാലിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it