kozhikode local

കുമ്മങ്കോട് ബോംബേറ്: ആയുധങ്ങള്‍ക്കായി ഇന്നലെയും തിരച്ചില്‍

നാദാപുരം: കുമ്മങ്കോട്, വാണിയൂര്‍ റോഡ് തുടങ്ങി നാദാപുരം മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബേറുകളുടെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തില്‍ പോലിസ് ഇന്നലെയും ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തി.
റൂറല്‍ എസ്പി കെ പി പ്രജീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ കീഴിലുള്ള ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പോലിസ് സംഘമാണ് കുമ്മങ്കോട്, പുളിക്കൂല്‍, വിഷ്ണുമംഗലം ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയത്. എസ്പി, എഎസ്പി കറുപ്പുസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വരിക്കോളിയില്‍ നടത്തിയ റെയിഡിലും ആയുധങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വ്യപക ബോംബേറ് നടന്ന കുമ്മങ്കോട്ട് ഇ കെ വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സംഭവങ്ങളെ അപലപിക്കുകയും പോലിസിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇന്നലെയും വാഹന പരിശോധന തുടരുകയും നിരവധി ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കടകള്‍ നേരത്തെ അടക്കേണ്ടി വരുന്നതില്‍ വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും നിയന്ത്രണം തുടരാന്‍ തന്നെയാണ് പോലിസിന്റെ തീരുമാനം. കുമ്മങ്കോട് ബോംബേറ് നടന്ന വീട്ടുടമ ആശാരിക്കുനി ഇസ്മാഈല്‍ പ്രതികളില്‍ ചിലരെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ശക്തമായ നിലയില്‍ നടക്കുന്നുണ്ടെന്നും പ്രതികള്‍ വലയിലാകുമെന്നുമാണ് പോലിസ് നല്‍കുന്ന സൂചന.
അതേസമയം പ്രദേശത്ത് അക്രമത്തിന് കോപ്പ് കൂട്ടുന്നവര്‍ ആയുധ നിര്‍മാണവും ശേഖരണവും നടത്തുന്നത് ഓരോ പാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള വിജനമായ സ്ഥലങ്ങളിലോ കുന്നിന്‍ മുകളിലോ ആണെന്നിരിക്കെ റെയിഡുകള്‍ ചില പ്രദേശങ്ങളില്‍ മാത്രമാവുന്നത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it