kasaragod local

കുമ്പള-ഉപ്പള ദേശീയപാത വികസനം: എംപിയുടെ അവകാശവാദം പൊളിയുന്നു

ഉപ്പള: കുമ്പള-ഉപ്പള ദേശീയപാത വികസനത്തിന് 30 കോടി രൂപ തന്റെ ഇടപെടല്‍ മൂലം ലഭിച്ചിട്ടുണ്ടെന്നും ഇത് വിനിയോഗിക്കാന്‍ അനാസ്ഥ കാണിക്കുന്നുവെന്ന പി കരുണാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.
കുമ്പള-ഉപ്പള ദേശീയപാത വികസനത്തിന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വിഭാഗം കഴിഞ്ഞ മാര്‍ച്ച് 26ന് 5.70 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് 30 കോടി അനുവദിച്ചെന്നും അഞ്ച് മാസം കഴിഞ്ഞിട്ടും കരാര്‍ ഏറ്റെടുത്ത വ്യക്തി പണി തുടങ്ങിയില്ലെന്നുമാണ് എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
യഥാര്‍ത്ഥത്തില്‍ പെര്‍വാഡ് പെട്രോള്‍ പമ്പ് മുതല്‍ ഉപ്പള മെഹബൂബ് പെട്രോള്‍ പമ്പ് വരെയുള്ള 12 കിലോമീറ്റര്‍ റോഡ് ബിറ്റുമിന്‍ ടാര്‍ ചെയ്യാനായി ആര്‍ഡബ്ല്യു/എന്‍എച്ച്/13012/11-2015-കെഎല്‍/പി-7 എന്ന ഉത്തരവിലൂടെ കഴിഞ്ഞ മാര്‍ച്ച് 26ന് 5,70,49,000 രൂപയാണ് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞമാര്‍ച്ചില്‍ ഇതിന്റെ കാലാവധി കഴിഞ്ഞിട്ടും എംപി റോഡിന്റെ വികസനത്തിന് ഒന്നും ചെയ്തില്ലെന്ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ആരോപിച്ചു.
മെയ് 15 മുതല്‍ നവംബര്‍ 15വരെ മഴ തുടരുന്നതിനാല്‍ ടാറിങ് പ്രവൃത്തി തുടരാന്‍ പാടില്ലെന്ന നിയമം എംപി മറന്നിരിക്കുകയാണെന്നും എംഎല്‍എ പറയുന്നു.
ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള 31 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് കഴിഞ്ഞ മാര്‍ച്ച് 24ന് ആര്‍ഡബ്ല്യുഎന്‍എച്ച് 13012/77/214-കെഎല്‍/പി-7 ഉത്തരവ് പ്രകാരം 15,33,81,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാറിന്റെ വിഹിതവും ലഭ്യമാക്കണം.
ഇതും ബിറ്റുമിന്‍ ടാറിനാണ് അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വേളയില്‍ എംപി നടത്തിയ വിവാദ പരാമര്‍ശം പരക്കെ ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പ്രകാരമാണ് റോഡ് വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
ഇത് തന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് വരുത്തിതീര്‍ക്കാനാണ് എംപി ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികള്‍ കാണിക്കുന്ന അനാസ്ഥ പരക്കെ ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it