കുമളിയില്‍ പുലിയിറങ്ങി

കുമളി: ജനവാസ മേഖലയില്‍ പുലിയിറങ്ങി. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന കൊല്ലംപട്ടട കുരിശുമലയിലാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ പുലിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിച്ചത്. കുമളി ഹോളി ഡേ ഹോമിന്റെ പിന്‍വശത്തോട് ചേര്‍ന്ന് കുരിശുമലയിലേക്കുള്ള റോഡിലാണ് പുലിയെ കണ്ടത്. റോഡിനു നടുവില്‍ ഇരിക്കുകയായിരുന്ന പുലി വാഹനം എത്തിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാവിലെ വനപാലകര്‍ കുരിശുമലയിലെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തേക്കടി എന്‍ട്രന്‍സ് ചെക്‌പോസ്റ്റിന് സമീപത്തെ ജനവാസ മേഖലയോട് ചേര്‍ന്ന ചതുപ്പ് നിലത്ത് രാത്രിയില്‍ നാട്ടുകാരും വിനോദ സഞ്ചാരികളും രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കടുവകളെ കണ്ടിരുന്നു. അടുത്ത ദിവസം രാവിലെ ടൈഗര്‍ മോണിറ്ററിങ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയിരുന്നു. അതേസമയം, എന്‍ട്രന്‍സ് ചെക്‌പോസ്റ്റില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ആനക്കൂട് ക്വാര്‍ട്ടേഴ്‌സിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകര്‍ കടുവയെ കണ്ടതു സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it