Idukki local

കുമളിയില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്

കുമളി: കുമളിയില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്ക്. കുമളി കൊല്ലംപട്ടട സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ താന്നിക്കല്‍ രഞ്ജിത്ത്(29), ജനറല്‍ സെക്രട്ടറി ബെന്നി ജോണ്‍(36), ഇയാളുടെ പിതാവ് കുഞ്ഞൂഞ്ഞ് (65),സി.പി.എം പ്രവര്‍ത്തകരായ മേക്കുളം എന്‍ സാബു (47), വി കെ സന്തോഷ്(35), എം കെ രാജന്‍(39), എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ആറുപേരും കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ഇന്നലെ ഉച്ചയ്ക്ക് കുമളിക്ക് സമീപം കൊല്ലംപട്ടടയില്‍ വച്ചായിരുന്നു സംഭവം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘട്ടനത്തില്‍ കലാശിച്ചത്. കൊല്ലംപട്ടടയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി ഷാജിമോനാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ച രണ്ടുപേരെ കഴിഞ്ഞ ഏഴിന് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും രാത്രിയില്‍ കൊല്ലംപട്ടടയിലെ മോഹന്‍രാജിന്റെ ചായക്കട തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനടുത്ത ദിവസം ഡി.വൈ.എഫ്.ഐ.യുടെയും സി.ഐ.ടി.യു.വിന്റെയും കൊടിമരം അജ്ഞാതര്‍ നശിപ്പിച്ചിരുന്നു.
ഇവിടെ വെച്ചിരുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ കാണാതായതാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തത് സി.പി.എമ്മുകാരാണെന്നാരോപിച്ച് ബെന്നി ജോണ്‍ ഇവരുമായി തര്‍ക്കിച്ചിരുന്നു. ഇതിനിടെ തങ്ങളുടെ കൊടിമരം നശിപ്പിച്ചത് ബെന്നിയുടെ നേതൃത്വത്തിലാണെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ബെന്നിയെ മര്‍ദിച്ചു. ബെന്നിയെ മര്‍ദിക്കുന്നതു കണ്ടാണ് പിതാവ് കുഞ്ഞൂഞ്ഞും സഹോദരന്‍ രഞ്ജിത്തും സ്ഥലത്തെത്തിയത്. ഇതോടെ കൂട്ടയടിയായി. പട്ടികയും കല്ലും ഉപയോഗിച്ചായിരുന്നു അക്രമം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു വിഭാഗം ആളുകളുടെ പേരിലും പോലിസ് കേസെടുത്തു. പോലിസിന്റെ അനാസ്ഥയാണ് തുടര്‍ച്ചയായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച മോഹന്‍രാജിന്റെ കട തല്ലിത്തകര്‍ത്തിന്റെ പേരില്‍ പരാതി നല്‍കിയെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ല. മാത്രമല്ല അഞ്ചു ദിവസത്തോളം കുന്നുംപുറം ജോസഫിന്റെ കട സിപിഎം പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചിട്ടും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെന്നാണ് പോലിസ് പറയുന്നത്. തുടര്‍ച്ചയായി അനിഷ്ട സംഭവങ്ങളുണ്ടായിട്ടും ഇത് ഒഴിവാക്കാന്‍ ഇവിടെ പോലിസിനെ നിയോഗിക്കാത്തതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it