Idukki local

കുമളിയിലെ അഴുക്കുകനാല്‍ ശുചീകരണം തുടങ്ങി

കുമളി: ജനവാസ മേഖലയിലെ മാലിന്യവാഹിനിയായ കനാല്‍ വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചു. ജനവാസ മേഖലയും വനത്തിന്റെ അതിര്‍ത്തി പ്രദേശവുമായ റോസാപ്പൂക്കണ്ടത്തു നിന്നും ആരംഭിച്ച് പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഒഴുകിയെത്തുന്ന കനാലാണ് വൃത്തിയാക്കുന്നത്.
കുമളി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കുമളി ഗ്രീന്‍കുമളി സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് വൃത്തിയാക്കല്‍ ജോലികള്‍ നടത്തുന്നത്. കുമളി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് റോസാപ്പൂക്കണ്ടം. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുമളി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വാര്‍ഡുകളും ഇതുതന്നെയാണ്. റോസാപ്പൂക്കണ്ടം താമരക്കണ്ടം വാര്‍ഡുകള്‍ക്ക് നടുവിലൂടെ കടന്നു പോകുന്ന കനാലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ട്. ഈ കനാലിലേക്കാണ് പ്രദേശ വാസികളും സമീപത്തുള്ള വന്‍കിട റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മാലിന്യങ്ങള്‍ തള്ളുന്നത്.
നിരവധി വീടുകളിലേയും നിന്നു മറ്റ് സ്ഥാപനങ്ങളിലേയും കക്കൂസുകളില്‍ നിന്നുള്ള പൈപ്പുകള്‍ പോലും ഈ കനാലിലേക്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് ചിക്കുന്‍ ഗുനിയായും ഡെങ്കുപ്പനിയും ഉള്‍പ്പെടയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു. ഇവിടെ നിന്നുള്ള നിരവധി ആളുകളാണ് അന്ന് ചികില്‍സ തേടി ആശുപത്രികളില്‍ എത്തിയിരുന്നത്. ഇപ്പോള്‍ നിരവധി ആളുകള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. വേനല്‍ കനത്തതോടെ പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ന്നതോടെയാണ് റോസാപ്പൂക്കണ്ടത്തെ കനാല്‍ വൃത്തിയാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ ഇവിടെയുള്ള ആളുകളെ നേരില്‍ക്കണ്ട് മാലിന്യ നിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം നടത്തി വരികെയാണ്. ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റിയില്‍ നിന്നുള്ള മുപ്പതിനായിരം രൂപ ഉപയോഗിച്ചാണ് വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നത്. ഇനി മുതല്‍ റോസാപ്പൂക്കണ്ടം കനാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it