Kottayam Local

കുമരകത്ത് സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആര്‍പ്പുക്കര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കുമരകം- തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ സംഘര്‍ഷം. കാഞ്ഞിരത്ത് എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് 144 സിആര്‍പിസി പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കുമ്മനം അറയ്ക്കപ്പറമ്പില്‍ നിസ്സാമുദീന്‍ (25), കാഞ്ഞിരം വിശാല പറമ്പില്‍ പ്രവീണ്‍ തമ്പി (28), ഇല്ലിക്കല്‍ പന്തപ്പാട്ട് വീട്ടില്‍ കരുണ്‍ (23), ഇല്ലിക്കല്‍ പരുത്തിയകം വീട്ടില്‍ അനുരാജ് (27), മണത്തേമാലി വിശാഖ് (26), ഇല്ലിക്കല്‍ മണോത്ത്മാലി വീട്ടില്‍ സുധി (25) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ബിഡിജെഎസ് പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ആഹ്ലാദ പ്രകടനവുമായി പ്രവര്‍ത്തകര്‍ ഇരുചക്രവാഹനത്തില്‍ മലരിക്കലിലേക്ക് കടക്കുമ്പോള്‍ മാരകായുധങ്ങളുമായി ബിഡിജെഎസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പുതുച്ചിറ ബിനുവിന്റെ വീടിനു മുന്നില്‍ വച്ചിരുന്ന കുടം തല്ലിപ്പൊട്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നും പറയുന്നു.
അതേസമയം വൈകീട്ട് 5.30ഓടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിയതായി ബിജെപി ആരോപിച്ചു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ കുമരകം തൈപ്പറമ്പില്‍ രാജു (64), സഹോദരന്‍ റാവുജി (58) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വെട്ടിയെന്ന് ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകം കളപ്പുരമറ്റത്തില്‍ സുരേഷ് (43), കല്ലുപുരയ്ക്കല്‍ പ്രസേനന്‍ (46) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞ് നിരവധി ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി ബിജെപി പ്രവര്‍ത്തകരെ ആശുപത്രിക്കു മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് എഎസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് വെസ്റ്റ് സിഐമാരും വന്‍ പോലിസ് സംഘമെത്തിയാണ് സിപിഎം പ്രവര്‍ത്തകരെ മാറ്റിയത്. സംഭവം അറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തി. കുമരകം കവണാറ്റിന്‍കരയിലെ ബിഎംഎസ് ഓഫിസ് അടിച്ച് തകര്‍ത്തതതായും ബിജെപി പ്രവര്‍ത്തകനായ മഹേഷിന്റെ വീട് കയറി അക്രമിച്ചതായും പരാതിയുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ സംഘര്‍ഷം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രകടനവുമായെത്തിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി വന്ന എസ്ഡിപിഐ, ബിജെപി, പി സി ജോര്‍ജിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങിങ്ങായി അക്രമം അഴിച്ചുവിട്ടത്. ഇന്നലെ ഉച്ചയ്ക്ക് ബൈക്കില്‍ സമാധാനപരമായി പതാകയുമായി സഞ്ചരിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രകടനമായെത്തിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒരു കാരണവുമില്ലാതെ മര്‍ദ്ദിക്കുകയോയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓട്ടോയില്‍ ആഹ്ലാദ പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ ടൗണില്‍ തടഞ്ഞുനിര്‍ത്തി ഓട്ടോയുടെ ചില്ല് അടിച്ചു തകര്‍ക്കുകയും പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമം അഴിച്ചുവിടുകയും ചെയ്തു. പിസി ജോര്‍ജിന്റെ പ്രവര്‍ത്തകര്‍ വന്ന കാറിനുനേരെയും അക്രമം നടത്തി. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിജയിച്ച ഡോ. എന്‍ ജയരാജിന്റെ വിജയാഹ്ലാദ പ്രകടനം എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അക്രമം മൂലം നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it