kozhikode local

കുപ്രസിദ്ധ മോഷ്ടാവ് വരുണ്‍ പിടിയില്‍

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല തട്ടിപ്പറിക്കുകയും, കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്യുന്നയാള്‍ പിടിയില്‍. നടക്കാവ് ചെറോട്ട്‌വീട്ടില്‍ വരുണ്‍(30)ആണ് ഇന്നലെ പുലര്‍ച്ചെ 1.20ന് കോവൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കാരപ്പറമ്പ് സ്വദേശി ഡുഡു എന്ന ഷഹന്‍ഷയ്‌ക്കൊപ്പം നിരവധി സ്ഥലങ്ങളില്‍ മാല പിടിച്ചുപറിച്ചതായും കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായും വരുണ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
2013ല്‍ കുന്ദമംഗലത്തിന് സമീപത്തെ പതിമംഗലത്തു വച്ച് സ്ത്രീയുടെ കഴുത്തില്‍ നിന്ന് തട്ടിപ്പറിച്ച അഞ്ചു പവന്റെ സ്വര്‍ണമാലയും, താമരശ്ശേരി പരപ്പന്‍പൊയിലിനടുത്ത് ആലിന്‍ചുവടില്‍ നിന്നു ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നു പിടിച്ചുപറിച്ച അഞ്ചു പവന്‍ സ്വര്‍ണമാലയും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടിയിലെ ജ്വല്ലറികളില്‍ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തു. 2014ല്‍ എരഞ്ഞിപ്പാലത്തെ പാസ്‌പോര്‍ട് ഓഫിസിന് സമീപത്തെ ടയര്‍ഷോപ്പ് കുത്തിത്തുറന്ന് വിദേശനിര്‍മിത ടയറുകള്‍ മോഷ്ടിച്ച് എറണാകുളത്തെത്തിച്ച് വില്‍പന നടത്തിയതായും വരുണ്‍ വെളിപ്പെടുത്തി. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വരുണ്‍ ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു. ഇയാള്‍ക്കെതിരെ നടക്കാവ്, കസബ, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, അടിപിടി കേസുകള്‍ നിലവിലുണ്ട്. വരുണില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ ഷഹന്‍ഷയ്ക്ക് വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാന്റെയും മെഡിക്കല്‍ കോളജ് സിഐ ജലീല്‍ തോട്ടത്തിലിന്റെയും നേതൃത്വത്തില്‍ എസ്‌ഐമാരായ ബി കെ സിജു, സിറ്റി പോലിസ് കമ്മീഷണറുടെ ക്രൈംസ്‌ക്വാഡ് അംഗങ്ങലായ മുഹമ്മദ് ഷാഫി, എം സജി, പി അഖിലേഷ്, കെ മുഹമ്മദ്, ടി കെ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it