thiruvananthapuram local

കുപ്രസിദ്ധ ഗുണ്ട മൂന്നാമതും ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മൂന്നാമതും ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍. രാജാജി നഗര്‍ ഫഌറ്റ് നമ്പര്‍ ബി 4ല്‍ പ്രഭിത്തിനെ (27) ആണ് കന്റോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം, മോഷണം, അടിപിടി, സ്‌ഫോടകവസ്തു നിര്‍മാണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
2010ല്‍ രാജാജി നഗറിലുള്ള കണ്ണന്റെ കൊലപാതക കേസിലും ഗവ. ആര്‍ട്‌സ് കോളജില്‍ മുന്‍ എസ്എഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് സ്വദേശിയെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാലയും പണവും കവര്‍ന്ന കേസിലും നെയ്യാറ്റിന്‍കര പോങ്ങില്‍ ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെയും അച്ഛനെയും വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കാഞ്ഞിരംകുളത്ത് വീട്ടില്‍ കയറി മാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്നത്, രാജാജി നഗറിലുള്ള ഇയാളുടെ വീടിനു സമീപം ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടത്, രാജാജി നഗര്‍ സ്വദേശി വിനോദിനെ വധിക്കാന്‍ ശ്രമിച്ച കേസ് എന്നിവയിലും പ്രതിയാണ്.
ഗുണ്ടാ ആക്ട് പ്രകാരം ഇയാളെ മുമ്പ് രണ്ടു തവണ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്നാണ് വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് പൊതുസമൂഹത്തിന് ഭീഷണിയുണ്ടാക്കിയെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ മൂന്നാമതും ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രഭിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
സിറ്റി ഡിസിപി ശിവവിക്രമിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സൈഫുദ്ദീന്‍, സിഐ ഉജ്വല്‍ കുമാര്‍, എസ്‌ഐമാരായ വിന്‍സെന്റ് ജോസഫ്, സുകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ തങ്കച്ചന്‍, ബിജു, ഷാന്‍ രാജ്, ഹൈദറുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it