കുന്നത്തൂരില്‍ ആര്‍എസ്പി ക്ക് അഭിമാന പോരാട്ടം

അയ്യൂബ് സിറാജ്

കൊല്ലം: ആര്‍എസ്പി എന്ന പാര്‍ട്ടിയുടെ നിലനില്‍പ്പും വളര്‍ച്ചയും നിര്‍ണായകമാവുന്ന മല്‍സരമായിരിക്കും കുന്നത്തൂരിലേത്. യുഡിഎഫും ആര്‍എസ്പിയും വിട്ട് ആര്‍എസ്പി(എല്‍)എന്ന പാര്‍ട്ടിയുണ്ടാക്കി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോനാണ് കുന്നത്തൂരിലെ ഇടത് സ്ഥാനാര്‍ഥി. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന കുഞ്ഞുമോന്‍ 15 വര്‍ഷം എംഎല്‍എ ആയതിന്റെ പരിചയ സമ്പത്തുമായാണ് കളത്തിലിറങ്ങുന്നത്.
ഹാട്രിക് നേടി നാലാമങ്കത്തിലേക്ക് കടക്കുന്ന കുഞ്ഞുമോന്റെ എതിരാളി മച്ചുനനായ ഉല്ലാസ് കോവൂരാണ്. കുഞ്ഞുമോന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ഉല്ലാസ് കോവൂര്‍. നിലവില്‍ ആര്‍വൈഎഫ് കേന്ദ്രകമ്മിറ്റി അംഗമാണ്. ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ഉല്ലാസ് ഒട്ടേറെ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നിയങ്കത്തിനിറങ്ങുന്ന ഉല്ലാസ് കോവൂരിന് മല്‍സരം എളുപ്പമല്ലെന്ന് അറിയാം.
വ്യക്തിതാല്‍പര്യത്തിനു വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തുവെന്നാണ് കുഞ്ഞുമോനെതിരേ യുഡിഎഫ് ഉന്നയിക്കുന്ന പ്രാധാന ആരോപണം. എന്നാല്‍, കുന്നത്തൂരിലെ കശുവണ്ടിതൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും ആര്‍എസ്പി നേതൃത്വമാണ് സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോയതെന്നും കുഞ്ഞുമോന്‍ ആരോപിച്ചു. ശാസ്താംകോട്ട തടാകത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ തനിക്കൊപ്പം യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് തടാകത്തിന്റെ നാശത്തിന് കാരണമായെന്നും കുഞ്ഞുമോന്‍ ആരോപിക്കുന്നു.
ബിഡിജെഎസ് കേന്ദ്രകമ്മിറ്റി അംഗം തഴവ സഹദേവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. സംസ്ഥാന വൈസ്പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലാണ് ഇവിടെ നിന്നും ജനവിധി തേടുക. പിഡിപി സ്ഥാനാര്‍ഥി സി കെ ഗോപിയും രംഗത്തുണ്ട്.
ആര്‍എസ്പി വിട്ടുവന്നാല്‍ കുഞ്ഞുമോന് കുന്നത്തൂര്‍ സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. 1987 മുതല്‍ ആര്‍എസ്പി തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് കുന്നത്തൂര്‍. 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ കുഞ്ഞുമോന് ഇവിടെ മികച്ച ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it