thrissur local

കുന്നംകുളത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം; മേഖലയില്‍ കണ്ടത് കാട്ടൂപൂച്ച

കുന്നംകുളം: കുന്നംകുളത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടെന്ന വാര്‍ത്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയെങ്കിലും അത് വലിയ കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ പരിശോധിച്ച് വ്യക്തമാക്കി. തഹസില്‍ദാര്‍ ബി ഗിരീഷും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. നഗരത്തിനടുത്ത് ഇന്ദിര നഗര്‍, ഗാന്ധിജി നഗര്‍ എന്നിവിടങ്ങളിലാണ് പുലിയെ കണ്ടെത്തിയതെന്ന വാര്‍ത്ത പരന്നത്. കുന്നംകുളം നഗരത്തിലെ വിഐപി കള്‍ താമസിക്കുന്ന ഇന്ദിരാ നഗര്‍, ഗാന്ധിജി നഗര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രാത്രി പുലിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതോടെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെ പ്രാഥമികാന്വേഷണം നടത്തി. ഗാന്ധിജി നഗറില്‍ താമസിക്കുന്ന പെയിന്റ് തൊഴിലാളിയായ കാണിപ്പയ്യൂര്‍ മുളക്കല്‍ ലിബിനി(52)യാണ് പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്.
ജോലിക്കു പോയി തിരിച്ചുവന്ന ശേഷം രാത്രി എട്ട് മണിക്ക് വീടിന്റെ വരാന്തയില്‍ വിശ്രമിക്കുമ്പോഴാണ് ഏകദേശം രണ്ടര അടി ഉയരവും മൂന്നര അടി നീളവുമുള്ള പുലി റോഡിലൂടെ നടന്ന് പോകുന്നത് കണ്ടത്. വീടിന്റെ ഉമ്മറത്തുള്ള വെളിച്ചത്തില്‍ നിന്നാണ് പുലി തന്നെയാണെന്ന് ഉറപ്പിച്ചതെന്ന് ലിബിനി പറഞ്ഞു. താന്‍ കണ്ടത് കാട്ടുപൂച്ചയെ അല്ലെന്ന് ഇപ്പോഴും ലിബിനി തറപ്പിച്ചു പറയുന്നു. കാട്ടുപൂച്ചയടക്കമുള്ള ജീവികളെ മുമ്പും കണ്ട് പരിചയമുണ്ടെന്നും ലിബിനി സൂചിപ്പിച്ചു.
ഇന്ദിരാ നഗര്‍ പരിസരത്തും പുലിയെ കണ്ടതായി ചിലര്‍ സൂചിപ്പിച്ചതായി ഓട്ടോറിക്ഷ െ്രെഡവര്‍ ജോഷി പറഞ്ഞു. ഇന്ദിരാ നഗര്‍, ഗാന്ധിജി നഗര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കച്ചവടക്കാരും ഡോക്ടര്‍മാരും ഇടത്തരം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ് താമസിക്കുന്നത്. കുറ്റിക്കാട് പോലെയുള്ള ധാരാളം ഭാഗങ്ങളും ഈ പ്രദേശത്തുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് മണ്ണ് മാന്തിയ നിലയില്‍ ഒരു ഗുഹയുള്ളതായും നാട്ടുകാര്‍ പറഞ്ഞു.
പഴയ പോലീസ് സ്റ്റേഷന്‍് ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള വാട്ടര്‍ ടാങ്കിനു സമീപം പുലിയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഈ പരിസരത്ത് മുയലുകളെ വളര്‍ത്തുന്ന വീടുണ്ട്. ഇതിന്റെ പരിസരത്താണ് പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. പരിസരത്തെ തെരുവു നായ്ക്കളെ കുറച്ചു ദിവസമായി കാണാത്തത് പുലിയുടെ സാന്നിധ്യമുള്ളതിന്റെ സൂചനയായാണ് പലരും കാണുന്നത്.
Next Story

RELATED STORIES

Share it