thrissur local

കുന്നംകുളത്ത് പുലിയിറങ്ങിയതായി പ്രചാരണം; ജനങ്ങള്‍ ഭീതിയിലായി

കുന്നംകുളം: കുന്നംകുളം മേഖലയില്‍ പുലിയിറങ്ങിയതായി സോഷ്യല്‍ മീഡിയകള്‍ വഴി നുണ പ്രചരണം. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് ശേഷമാണ് സോഷ്യമീഡിയകളില്‍ കുന്നംകുളത്ത് നിന്ന് കണ്ടതാണെന്നുള്ള അടിക്കുറിപ്പോടെ പുലിയുടേ ഫോട്ടോയും സമീപത്തായി ആളുകള്‍ കൂടി നില്‍ക്കുന്ന ഫോട്ടോകളും പ്രചരിച്ചത്.
നിമിഷ നേരം കൊണ്ട് ഇവ വൈറലായത് ജനങ്ങളില്‍ ഭീതി ഉളവാക്കി.ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകളാണ് കുന്നംകുളം പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചത്.
എന്നാല്‍ പോലിസ് ഈ സംഭവം പോലും അറിഞ്ഞിരുന്നില്ല. കുന്നംകുളം ഇന്ദിര നഗറില്‍ പുലിയിറങ്ങിയതിനാല്‍ ഇതിലൂടെ യാത്ര ചെയ്യരുതെന്ന് പോലിസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ടത്.
സംഭവം സത്യമാണോ എന്നറിയാന്‍ ഇന്ദിര നഗര്‍ നിവാസികള്‍ക്ക് വിളിച്ചപ്പോഴും അവരും പുലിയിറങ്ങിയത് അറിഞ്ഞിരുന്നില്ല.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ദിര നഗറില്‍ പുലിയിറങ്ങിയതായി യുവാവ് കണ്ടിരുന്നതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അത് വലിയ കാട്ടൂപൂച്ചയായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. പുലിയെ കണ്ടെന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നുവെങ്കിലും അത് വലിയ കാട്ടുപൂച്ചയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ പരിശോധിച്ച് വ്യക്തമാക്കുകയായിരുന്നു.
തഹസില്‍ദാര്‍ ബി ഗിരീഷും വനം വകുപ്പ് ഉദ്യോഗസ്ഥരുമായിരുന്നു പരിശോധന നടത്തിയത്. നഗരത്തിനടുത്ത് ഇന്ദിര നഗര്‍, ഗാന്ധിജി നഗര്‍ എന്നിവിടങ്ങളിലാണ് പുലിയെ കണ്ടെത്തിയതെന്ന വാര്‍ത്ത പരന്നത്. ജോലിക്കു പോയി തിരിച്ചു വന്ന ശേഷം രാത്രി എട്ടിന് വീടിന്റെ വരാന്തയില്‍ വിശ്രമിക്കുമ്പോഴാണ് ഏകദേശം രണ്ടര അടി ഉയരവും മൂന്നര അടി നീളവുമുള്ള പുലി റോഡിലൂടെ ഇരുട്ടില്‍ നടന്ന് പോകുന്നത് ലിബിനിയെന്ന വ്യക്തി കണ്ടത്.
വീടിന്റെ ഉമ്മറത്തുള്ള വെളിച്ചത്തില്‍ നിന്നാണ് പുലി തന്നെയാണെന്ന് ഉറപ്പിച്ച് മനസിലാക്കിയതെന്ന് ലിബിനി പറഞ്ഞു. താന്‍ കണ്ടത് കാട്ടുപൂച്ചയല്ലെന്ന് ലിബിനി തറപ്പിച്ചു പറഞ്ഞു. കാട്ടുപൂച്ചയടക്കമുള്ള രാത്രികാല ജീവികളെ മുമ്പും കണ്ട് പരിചയമുണ്ടെന്നും സൂചിപ്പിച്ചു.
ഇന്ദിരാ നഗര്‍ പരിസരത്തും പുലിയെ കണ്ടതായി ചിലര്‍ സൂചിപ്പിച്ചതായി ഓട്ടോറിക്ഷ െ്രെഡവര്‍ ജോഷി പറഞ്ഞു. കുറ്റിക്കാട് പോലെയുള്ള ധാരാളം ഒഴിഞ്ഞ പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് മണ്ണ് മാന്തിയ നിലയില്‍ ഒരു ഗുഹയുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it