World

കുന്ദൂസിലെ ആശുപത്രിക്കുനേരെ യു.എസ്. ആക്രമണം; 9 മരണം

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ തന്ത്രപ്രധാന നഗരമായ കുന്ദൂസില്‍ ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (എം.എസ്.എഫ്.) ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍(ആളില്ലാ വിമാനം) ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. എം.എസ്.എഫ്. ജീവനക്കാരുള്‍പ്പെടെ 37 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. യു.എസ്. ആളില്ലാവിമാനമാണ് ആക്രമണത്തിനു പിന്നില്‍. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് നേരെ പലതവണ ബോംബാക്രമണമുണ്ടായതായി ഫ്രാന്‍സ് ആസ്ഥാനമായ സംഘടന ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സേനയ്ക്കു ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ പ്രസ്തുത പ്രദേശത്ത് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായും യാദൃച്ഛികമായി ആശുപത്രിക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കാമെന്നുമാണ് നാറ്റോ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, പുലര്‍ച്ചെ രണ്ടുമണിയോടെ തങ്ങളുടെ സൈന്യം കുന്ദൂസില്‍ ആക്രമണം നടത്തിയതായി അഫ്ഗാനിലെ യു.എസ്. സേനാ വക്താവ് കേണല്‍ ബ്രയാന്‍ ട്രൈബുസ് പറഞ്ഞു. കുന്ദൂസ് താലിബാന്‍ പിടിച്ചെടുത്തതിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നിരവധി പേരാണ് ഇവിടെ ചികില്‍സയിലുള്ളത്. ഗുരുതര പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമായിട്ടുള്ള മേഖലയിലെ ഏക ആശുപത്രിയാണ് വ്യോമാക്രമണത്തിനിരയായത്.

ആക്രമണം നടക്കുന്ന സമയത്ത് 105 രോഗികളും അവരുടെ കൂട്ടിരിപ്പുകാരും എം.എസ്.എഫിന്റെ വിദേശികളും സ്വദേശികളുമായ 80തിലധികം ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് നാറ്റോ അറിയിച്ചു. അതേസമയം കുന്ദൂസിലെ വ്യോമാക്രമണങ്ങളെ എം.എസ്.എഫ്.

രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.  സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യുദ്ധരംഗം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ സേവനമെത്തിക്കാന്‍ ആഗോളവ്യാപകമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്. അഫ്ഗാന്‍ പ്രവിശ്യയായ കുന്ദൂസ് താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്നാല്‍, താലിബാനെ ലക്ഷ്യംവച്ചെന്ന് പറയപ്പെടുന്ന പല ഡ്രോണ്‍ ആക്രമണങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ ആളപായം ഉള്‍പ്പെടെ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it