കുന്ദുസ് ആശുപത്രി ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിച്ച്

പാരിസ്: യുഎസ് വ്യോമസേന വടക്കന്‍ അഫ്ഗാനിസ്താനിലെ കുന്ദുസിലെ ആശുപത്രി ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ആശുപത്രി നടത്തിയിരുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) തയ്യാറാക്കിയ റിപോര്‍ട്ട്.
ഒക്ടോബര്‍ മൂന്നിനാണ് നഗരം കീഴ്‌പ്പെടുത്തിയ താലിബാന്‍ പോരാളികള്‍ക്കെതിരായ സൈനിക നീക്കത്തിന്റെ ഭാഗമെന്നു പറഞ്ഞ് ആശുപത്രിയില്‍ യുഎസ് ബോംബിട്ടത്. 140 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 60ലധികം പേരുമായി അഭിമുഖം നടത്തി തയ്യാറാക്കിയ റിപോര്‍ട്ടില്‍ ദാരുണമായ വിവരണങ്ങള്‍ ഏറെയുണ്ട്. ശയ്യാവലംബിയായ രോഗികള്‍ ബോംബേറില്‍ കത്തിയെരിയുകയായിരുന്നു.
മൊത്തം 30 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴു മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൊല നടത്താനും സ്ഥാപനം നശിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ബോംബാക്രമണമെന്ന് എംഎസ്എഫ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി. ഇരുഭാഗത്തു നിന്നുമുള്ള പരിക്കേറ്റവരെ തങ്ങള്‍ ചികില്‍സിച്ചിരുന്നതായി സ്റ്റോക്‌സ് പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരമായിരുന്നു ഇത്.
താലിബാന്‍ പോരാളികളും ആശുപത്രിയില്‍ ചികില്‍സതേടിയിരുന്നു. ബോംബേറില്‍നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയവര്‍ക്കു നേരെ ഹെലികോപ്റ്ററില്‍നിന്നു വെടിവയ്പുണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it