കുന്ദുസ് ആക്രമണം അന്വേഷിക്കും: ബറാക് ഒബാമ

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദുസില്‍ ആശുപത്രിക്കു നേരെ ആക്രമണം നടത്തി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ. ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (എം.എസ്.എഫ്.) ആശുപത്രിക്കു നേരെ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികളും രോഗികളും സന്നദ്ധ പ്രവര്‍ത്തകരും അടക്കം 19 പേരാണു കൊല്ലപ്പെട്ടത്. മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റം എന്നു വിശേഷിപ്പിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്ന സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

അഫ്ഗാന്‍ സേനയ്ക്കും മറ്റുള്ളവര്‍ക്കും ജനങ്ങളുടെ അവകാശവും മെഡിക്കല്‍ സംവിധാനങ്ങളും സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് യു.എന്‍. ഹൈക്കമ്മീഷണര്‍ റാദ് അല്‍ ഹുസയ്ന്‍ സെയ്ദ് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ 105 രോഗികളും അവരുടെ കൂട്ടിരിപ്പുകാരും എം.എസ്.എഫിന്റെ വിദേശികളും സ്വദേശികളുമായ 80ലധികം ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. സായുധസംഘങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന അഫ്ഗാന്‍ പ്രതിരോധവകുപ്പിന്റെ ആരോപണം താലിബാനും ആശുപത്രി അധികൃതരും തള്ളിക്കളഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച കുന്ദുസ് നഗരത്തില്‍ താലിബാന്‍ ആധിപത്യം നേടിയതിനു ശേഷമാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണമടക്കം നടത്തിയത്. തിങ്കളാഴ്ച മുതലുള്ള ആക്രമണത്തില്‍ 60 പേരാണ് കുന്ദുസില്‍ കൊല്ലപ്പെട്ടത്.

യു.എസ്. ഡ്രോണ്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു നേരെ പലവട്ടം ആക്രമണം നടത്തിയതായി ഫ്രാന്‍സ് ആസ്ഥാനമായ സംഘടന ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ തങ്ങളുടെ സൈന്യം കുന്ദുസില്‍ ആക്രമണം നടത്തിയതായി അഫ്ഗാനിലെ യു.എസ്. സേനാ വക്താവ് കേണല്‍ ബ്രയാന്‍ ട്രൈബുസും സമ്മതിച്ചിച്ചിട്ടുണ്ട്. അഫ്ഗാന്‍ പ്രവിശ്യയായ കുന്ദുസ് താലിബാന്‍ പിടിച്ചെടുത്തതിനു ശേഷം അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. താലിബാനെ ലക്ഷ്യംവച്ചെന്നു പറയപ്പെടുന്ന പല ഡ്രോണ്‍ ആക്രമണങ്ങളും ജനവാസകേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടം വരുത്തിവയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it