കുതിര സവാരി; ദലിത് യുവാവിന്റെ വിവാഹത്തിന് നേരെ സവര്‍ണരുടെ ആക്രമണം

കുരുക്ഷേത്ര: ദലിത് യുവാവിന്റെ വിവാഹാഘോഷത്തിലെ കുതിരസവാരിയും ക്ഷേത്രപ്രവേശനവും സവര്‍ണര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് സംഭവം. വിവാഹത്തിന് കുതിരസവാരിയും ക്ഷേത്രപ്രവേശനവും പാടില്ലെന്ന കല്‍പ്പനയോടെയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. അക്രമം തടയാന്‍ ശ്രമിച്ച വരനും ബന്ധുക്കള്‍ക്കും പരിക്കേറ്റു.
വിവാഹാഘോഷത്തിന്റെ ഭാഗമായി മണവാളനായ സന്ദീപ് കുതിരവണ്ടിയില്‍ കയറിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ദലിതനായതിനാല്‍ കുതിരസവാരി നടത്താന്‍ പാടില്ലെന്നറിയിച്ച് ഒരു സംഘം തടയുകയായിരുന്നുവെന്ന് സന്ദീപ് പറയുന്നു. വധുവിന്റെ ഗ്രാമമായ ഗുഡുച്ചേരി ഗ്രാമത്തിലേക്ക് പോകുംവഴിയാണ് സംഭവം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞുവെന്നും സന്ദീപിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
തുടര്‍ന്ന്, ഇരുവിഭാഗവും ഏറ്റുമുട്ടി. പോലിസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസിനു നേരെയും അക്രമികള്‍ കല്ലെറിഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെ ആക്ഷേപിച്ചതായും പരാതിയുണ്ട്. സംഘര്‍ഷാവസ്ഥകള്‍ക്കിടയില്‍ വിവാഹ ചടങ്ങുകള്‍ ഭംഗംവരാതെ നടന്നു. സന്ദീപിന്റെ പിതാവിന്റെ പരാതിയില്‍ 21 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it