കുണ്ടറയില്‍ മൂന്ന് പേരുടെ മരണം: സംഭവം ആസൂത്രിതമെന്നു സംശയം

കൊല്ലം: കുണ്ടറയില്‍ അമ്മയും മകളും വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചും ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ട സംഭവം ആസൂത്രിതമെന്നു സംശയം. പുനുക്കന്നൂര്‍ വായനശാല ജങ്ഷന്‍ പൊയ്കവിളയില്‍ ജയലക്ഷ്മി (34), മകള്‍ സെന്റ് മാര്‍ഗരറ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ത്തിക (12) എന്നിവരെയാണ് വെട്ടേറ്റ് മരിച്ച നിലയിലും ഭര്‍ത്താവ് മധുസൂദനന്‍ പിള്ള(52)യെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
മധുസൂദനന്‍ പിള്ള കുണ്ടറ ബിഎസ്എന്‍എല്ലിലെ ടെക്‌നീഷ്യനാണ്. ജയലക്ഷ്മി കുണ്ടറ ആശുപത്രിമുക്കിലെ ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു. എന്നും രാവിലെ ജോലിക്കു പോവുന്ന ജയലക്ഷ്മിയെ കാണാതിരുന്നതോടെ അയല്‍ക്കാരിയും മധുസൂദനന്റെ ബന്ധു സംഗീതയും വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ജയലക്ഷ്മി ഹാളിലെ തറയിലും മകള്‍ കാര്‍ത്തിക സമീപത്ത് സെറ്റിയിലുമാണ് മരിച്ചുകിടന്നത്. കൊടുവാള്‍ കൊണ്ട് വെട്ടേറ്റ നിലയിലായിരുന്ന മൃതദേഹങ്ങള്‍. വെട്ടിയതെന്ന് കരുതപ്പെടുന്ന കൊടുവാള്‍ വീടിനുള്ളിലെ കുളിമുറിയില്‍ നിന്നു പോലിസ് കണ്ടെടുത്തു. മധുസൂദനന്‍ പിള്ളയുടെ രണ്ടാം ഭാര്യയാണ് ജയലക്ഷ്മി. ജയലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് വിവാഹബന്ധം ഒഴിഞ്ഞിരുന്നു. ആ വിവാഹത്തിലുള്ള മകളാണ് കൊല്ലപ്പെട്ട കാര്‍ത്തിക.
ജയലക്ഷ്മി ലോഡ്ജിലെ ജോലിക്ക് പോവുന്നതില്‍ മധുസൂദനന്‍ പിള്ളയ്ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ജോലി തുടരുകയായിരുന്നു. ഇതേ ചൊല്ലി വീട്ടില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതിനിടയില്‍ ഗുണ്ടകളുമായി എത്തിയ ഒരു സംഘം മധുസൂദനന്‍ പിള്ളയുടെ പേരിലുള്ള വസ്തുക്കള്‍ ജയലക്ഷ്മിയുടെ പേരിലേക്ക് എഴുതിമാറ്റിയതായും പറയപ്പെടുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ എത്തി പുരയിടം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. കൊല്ലം റൂറല്‍ എസ്പി എ അശോക്കുമാര്‍, കുണ്ടറ സിഐ കെ സദന്‍, എസ്‌ഐ അനന്‍ദേവ്, സയന്റിഫിക് അസിസ്റ്റന്റ് യേശുദാസന്‍, ഫിംഗര്‍പ്രിന്റ് വിദഗ്ധന്‍ വി ബിജുലാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മധുസൂദനന്‍ പിള്ളയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മറ്റ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. ജയലക്ഷ്മിയുടെ വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയശേഷം ഇന്ന് രാവിലെ തെക്കും ഭാഗത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it