kannur local

കുട്ടിമാക്കൂല്‍ സംഭവം: വിശദീകരണവുമായി സിപിഎം; തുടര്‍ സമരവുമായി കോണ്‍ഗ്രസ്സും

തലശ്ശേരി: കുട്ടിമാക്കൂലില്‍ ദലിത് യുവതികള്‍ക്കെതിരേ കേസെടുത്ത് ജയിലിലിടച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്ത്. എന്നാല്‍ തുടര്‍ സമരം സജീവമാക്കി കോണ്‍ഗ്രസ്. പട്ടികജാതി ക്ഷേമസമിതിയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പേരിലാണ് സിപിഎം തലശ്ശേരിയില്‍ വിശദീകരണ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, സംഭവത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂട്ടിലാക്കി മഹാളാ കോണ്‍ഗ്രസ് കണ്ണൂരില്‍ പെണ്ണൊരുമയും യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചു.
ഐഎന്‍ടിയുസി നേതാവ് രാജന്റെ മക്കളെ ജയിലില്‍ കിടത്തിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്നും അത് എ കെ ആന്റണി പ്രവര്‍ത്തകര്‍ ജയിലില്‍ പോവാന്‍ തയ്യാറാവണമെന്ന പ്രസ്താവനക്ക് തൊട്ടുപിറകെയാണന്നത് യാദൃശ്ചികതയല്ലന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. തലശ്ശേരി പഴയബസ്സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കപ്പെട്ട രാജന്റെ മക്കള്‍ക്ക് ജാമ്യ ഹരജി നല്‍കിയതില്‍ തിയ്യതി ജൂണ്‍ 18 എന്നായിരുന്നു. അതിനാലാണ് 17ന് ജാമ്യം ലഭിക്കാതിരുന്നതെന്നും പി ജയരാജന്‍ വിശദീകരിച്ചു.
പി കെ ശ്രീമതി പൊതുയോഗം ഉദ്ഘാടനം ചെയ്തു. സോമപ്രസാദ് എം പി, പി സതീദേവി, എം സുരേന്ദ്രന്‍, പുഞ്ചയില്‍ നാണു, എ എന്‍ ഷംസീര്‍ എംഎല്‍എ, എം വി സരള സംസാരിച്ചു. ദലിത് യുവതികളെ കള്ളക്കേ സില്‍പ്പെടുത്തി ജയിലിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് കൂടിയാണ് തലശ്ശേരി.
കുട്ടിമാക്കൂല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും കള്ളക്കേസ് ചുമത്തിയ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കുര്യാക്കോസ് ആവശ്യപ്പെട്ടു. പി രാഗേഷ്, അനൂപ് വല്യാപ്പിള്ളി, റിജില്‍ മാക്കുറ്റി, ജിജേഷ്, പ്രസീല്‍ ബാബു സംസാരിച്ചു. സ്‌റ്റേഷന്‍ മാര്‍ച്ച് പരിഗണിച്ച് കനത്ത സുരക്ഷ പോലിസ് ഒരുക്കിയിരുന്നു.
വന്‍യുവജന പങ്കാളിത്തം പ്രതീക്ഷിച്ചെങ്കിലും അമ്പതോളം പേര്‍ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.——തലശ്ശേരി മണ്ഡലത്തില്‍ നിന്നുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.—കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പെണ്ണൊരു സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ കെ രമ, സുമബാലകൃഷ്ന്‍, കെ പി സുധീര തുടങ്ങിയവര്‍ പങ്കെടുത്തു —
Next Story

RELATED STORIES

Share it