Middlepiece

കുട്ടിക്കുറ്റവാളി ഭേദഗതി നിയമം അശാസ്ത്രീയം

അഡ്വ. എസ് എ കരീം

എല്ലാ രാജ്യത്തും മുതിര്‍ന്ന കുറ്റവാളികളെ ശിക്ഷിക്കാന്‍ നിയമമുണ്ട്. അതുപോലെ കുട്ടിക്കുറ്റവാളികളെ ശിക്ഷിക്കാനും നിയമമുണ്ട്. ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഒരേ കുറ്റത്തിനു കൊടുക്കുന്ന ശിക്ഷ വിഭിന്നമാണ്. കുട്ടികള്‍ കുറ്റം ചെയ്യുന്നത് കുറ്റത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെയും മുതിര്‍ന്നവര്‍ ചെയ്യുന്നതു കണ്ട് അതുപോലെ പകര്‍ത്തുന്നതുമാവാം. കുട്ടികള്‍ എന്തു ചെയ്യുന്നുവെന്നോ എന്തിനു വേണ്ടി ചെയ്യുന്നുവെന്നോ അവര്‍ മനസ്സിലാക്കുന്നില്ല. അതു മനസ്സിലാക്കാനുള്ള മാനസിക വളര്‍ച്ച കുട്ടികള്‍ക്കില്ല. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ക്കു കൊടുക്കുന്ന ശിക്ഷ കുട്ടികള്‍ക്ക് കൊടുക്കാതെ, അവരെ ശരിയായ ദിശയില്‍ നയിച്ച് സമൂഹത്തിന് ഉപയോഗപ്രദമാക്കാനാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരമൊരു നിയമം ഉണ്ടാക്കുന്നതിനു ദീര്‍ഘകാലത്തെ പഠനവും പരീക്ഷണവും വേണ്ടിവന്നു. അതിന്റെ ഫലമായാണ് കുട്ടി എന്ന നിര്‍വചനത്തിന് 18 വയസ്സ് കഴിയാത്തവര്‍ എന്നു ശാസ്ത്രീയമായി എത്തിച്ചേര്‍ന്നത്. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം കുട്ടിയെ മുതിര്‍ന്നവരില്‍ നിന്നു വേര്‍തിരിക്കുന്ന രേഖയാണ് 18 വയസ്സ്. 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ പുരുഷനും അതിനു താഴെയുള്ളവര്‍ കുട്ടികളുമാണ്.
ഒരു കുട്ടി ചെയ്യുന്ന ഒരു പ്രവൃത്തിക്കും കുട്ടി നേരിട്ട് ഉത്തരവാദിയാവുന്നില്ല. അവരുടെ രക്ഷിതാക്കളാണ് ഉത്തരവാദികള്‍. 18 വയസ്സ് തികയുന്നതിനു മുമ്പ് അവരുമായി സര്‍ക്കാര്‍ ഒരു ഇടപാടിലും ഏര്‍പ്പെടുന്നില്ല. വാഹനം ഓടിക്കാന്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ പോലും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍, കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സ്വമേധയാ ചെയ്യുന്ന കുറ്റങ്ങളായതുകൊണ്ട് അതിന്റെ ഉത്തരവാദിത്തം കുട്ടികള്‍ക്കു തന്നെയാണ്. അതിന്റെ ശിക്ഷയും അവര്‍ തന്നെ അനുഭവിക്കണം. അവരുടെ ശിക്ഷയ്ക്ക് ഒരു മാനദണ്ഡമുണ്ട്. അവരെ ശരിയാക്കിയെടുത്തു സമൂഹത്തിന് ഉപയോഗമുള്ള പൗരന്മാരാക്കി വളര്‍ത്താനാണ് പരിഷ്‌കൃത സര്‍ക്കാരുകള്‍ തീരുമാനിച്ചത്. അതിന്റെ ഫലമായാണ് കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കു പുതിയ നിയമം തന്നെ ഉണ്ടായത്. ഐക്യരാഷ്ട്ര സംഘടന പോലും കുട്ടിക്കുറ്റവാളി നിയമത്തെ അംഗീകരിച്ചിരിക്കുന്നു. ഇപ്രകാരം പരിഷ്‌കൃത സര്‍ക്കാരുകളും സമൂഹവും അംഗീകരിച്ചിരിക്കുന്ന ഒരു നിയമത്തിലാണ് കുട്ടി എന്ന നിര്‍വചനത്തിനു നമ്മുടെ രാജ്യത്ത് മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. കുട്ടിക്കുറ്റവാളി നിയമത്തില്‍ കുട്ടി എന്ന നിര്‍വചനം 18 വയസ്സ് പൂര്‍ത്തിയാവുന്നതില്‍ നിന്നും 16 വയസ്സ് പൂര്‍ത്തിയാവുന്നതുവരെ എന്ന ഭേദഗതിയാണ് നമ്മുടെ ലോക്‌സഭ 2015 ഡിസംബറില്‍ നടന്ന ശീതകാല സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവന്നു പാസാക്കിയത്.
ഇതിനൊരു പശ്ചാത്തലമുണ്ട്. 2012 ഡിസംബര്‍ 16നു രാത്രി ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയും അവരുടെ കൂട്ടുകാരനും കൂടി രാത്രിയില്‍ ഡല്‍ഹിയില്‍ കൂടി ഓടിക്കൊണ്ടിരുന്ന ഒരു ബസ്സില്‍ കയറി. ആ ബസ്സില്‍ ഡ്രൈവറും കണ്ടക്ടറും അവരുടെ ചില കൂട്ടുകാരുമാണ് ഉണ്ടായിരുന്നത്. ബസ് സര്‍വീസ് അവസാനിപ്പിച്ചു പോവുകയായിരുന്നു എന്നാണ് അറിയുന്നത്. ബസ്സില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ 18 വയസ്സ് തികയാത്തയാളായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. ആ പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതൊരു വലിയ വാര്‍ത്തയായത് ബലാല്‍സംഗം ചെയ്യപ്പെട്ടയാള്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായതുകൊണ്ടും സമ്പന്ന കുടുംബത്തില്‍ ഉള്ളതുകൊണ്ടുമായിരിക്കാം. നിരവധി ബലാല്‍സംഗങ്ങള്‍ ഈ സംഭവത്തിനു മുമ്പും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. ആ സംഭവങ്ങള്‍ക്കൊന്നും കിട്ടാത്ത വാര്‍ത്താപ്രാധാന്യം ഈ സംഭവത്തിനു കിട്ടി. ഈ ബലാല്‍സംഗ സംഭവത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് 18 വയസ്സ് തികയാത്തയാളായിരുന്നു എന്നാണറിവ്. അന്നു മുതല്‍ കുട്ടിക്കുറ്റവാളിയുടെ പ്രായം കുറയ്ക്കണമെന്നു മുറവിളി ഉയര്‍ന്നു. നിയമം ഭേദഗതി ചെയ്യാന്‍ ബില്ല് അവതരിപ്പിച്ചുവെങ്കിലും അതു പാസാക്കിയെടുക്കാന്‍ ആരും ശുഷ്‌കാന്തി കാണിച്ചില്ല.
ഇതിനിടയില്‍ കുട്ടിക്കുറ്റവാളിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ച് സ്വഭാവരൂപീകരണ കേന്ദ്രത്തിലേക്കു മാറ്റി. ആ കാലാവധി ഡിസംബര്‍ 20നു പൂര്‍ത്തിയാക്കി. കുട്ടിക്കുറ്റവാളിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സര്‍ക്കാര്‍ പതിനായിരം രൂപ കൊടുത്താണ് വിട്ടയച്ചത്. ഈ കുറ്റവാളി പുറത്തിറങ്ങാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ലോക്‌സഭയ്ക്കു മുമ്പില്‍ ഉപവാസം അനുഷ്ഠിച്ചു. വീണ്ടും പ്രശ്‌നം വാര്‍ത്താപ്രാധാന്യം നേടി. ഈ സംഭവത്തെത്തുടര്‍ന്ന് 2015 ഡിസംബര്‍ 23ന് ലോക്‌സഭ കുട്ടിക്കുറ്റവാളി നിയമ ഭേദഗതി ബില്ല് പാസാക്കി. പ്രസിഡന്റ് ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ അതു നിയമമാവും. അന്നു മുതല്‍ കുട്ടിക്കുറ്റവാളിയുടെ പ്രായപരിധി 16 വയസ്സാക്കിയിരിക്കും.
ഒരു കുട്ടിക്കുറ്റവാളിയുടെ പ്രായം 16 വയസ്സായി തീരുമാനിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ഈ തീരുമാനത്തിനു പിന്നില്‍ ഒരു ശാസ്ത്രീയ പഠനവും ഉണ്ടായിട്ടില്ല. ബലാല്‍സംഗത്തിന് ഇരയായ കുട്ടിയോട് കാണിച്ചുവെന്നു പറയുന്ന ക്രൂരത മാത്രമാണ് കുട്ടിക്കുറ്റവാളി നിയമം ഭേദഗതി വരുത്താന്‍ ലോക്‌സഭയെ പ്രേരിപ്പിച്ചത്.
കുട്ടിക്കുറ്റവാളിയെ കുട്ടിയായി പരിഗണിക്കണമോ അതോ മുതിര്‍ന്ന കുറ്റവാളിയായി പരിഗണിക്കണമോ എന്നു തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാണ്. ഇത് അഴിമതിക്കും കൈക്കൂലിക്കും ഇടയാക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളാവുന്നവരില്‍ ഭൂരിപക്ഷവും സാമൂഹികമായും സാംസ്‌കാരികമായും പിന്നാക്കം നില്‍ക്കുന്നവരാണ്. ഇവരില്‍ സമ്പത്തുള്ളവരും കൈക്കൂലി കൊടുക്കാന്‍ കഴിവുമുള്ളവരുടെ കുട്ടികള്‍ കുട്ടിക്കുറ്റവാളികളാവും. അല്ലാത്തവര്‍ മുതിര്‍ന്ന കുറ്റവാളികളാവും. ഫലത്തില്‍ കുട്ടിക്കുറ്റവാളി ഭേദഗതി നിയമം അഴിമതിക്ക് ഒരു വേദിയായി മാറാനാണ് സാധ്യത. $
Next Story

RELATED STORIES

Share it