kasaragod local

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു

കാസര്‍കോട്: ബാലാവകാശസംരക്ഷണം സംബന്ധിച്ചു നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്ന് ചൈല്‍ഡ് ലൈന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജില്ലയില്‍ ചൈല്‍ഡ്‌ലൈനിന്റെ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയുന്നതില്‍ ജാഗ്രത പുലര്‍ത്തി വരുന്നുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്കെതിരായ പീഡനവുമായി ബന്ധപ്പെട്ട് 251 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതില്‍ 59ഉം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശാരീരിക പീഡനവുമായി ബന്ധപ്പെട്ട് 45 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ശൈശവവിവാഹം നടത്താന്‍ ശ്രമിച്ച മൂന്നു കേസും ബാലവേല സംബന്ധിച്ച ഏഴുകേസുകളും ബാലഭിക്ഷാടനം സംബന്ധിച്ച നാലുകേസുകളും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള ക്രൂരമായ ശിക്ഷകള്‍ എന്നിവ സംബന്ധിച്ച മൂന്നു കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുവേ കുട്ടികള്‍ക്കെതിരെ എന്ത് അതിക്രമമുണ്ടെങ്കിലും ചൈല്‍ഡ് ലൈനില്‍ അറിയിക്കാറുണ്ട്.
ചൈല്‍ഡ്‌ലൈന്‍ ഓഫിസില്‍ പരാതി നല്‍കിയാല്‍ വിവരം രഹസ്യമായി സൂക്ഷിക്കാറുമുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിലും ചൈല്‍ഡ്‌ലൈന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളെ സംരക്ഷിക്കാനും തെറ്റ് തിരുത്താനും ബാധ്യതയുള്ള സ്‌കൂള്‍ അധികൃതര്‍ അച്ചടക്കനടപടിയുടെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവ് പോലും ധിക്കരിച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നഗരത്തിലെ ഒരു ഗവ.സ്‌കൂളിലെ പ്രധാനധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ ചൈല്‍ഡ് ലൈന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ കഴിഞ്ഞ സപ്തംബര്‍ 29ന് പുറത്താക്കിയ വിദ്യാര്‍ഥിയെ ഇനിയും തിരിച്ചെടുത്തിട്ടില്ല. ബാലാവകാശ കമ്മീഷന്‍ ഉടന്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടിട്ടും കുട്ടിയെ ക്ലാസില്‍ കയറ്റാന്‍ പിടിഎയും പ്രധാനധ്യാപകനും തയാറായിട്ടില്ല. വിധവയും ദരിദ്രയുമായ വീട്ടമ്മയുടെ ഏകമകനാണ് ഈ വിദ്യാര്‍ഥി. ചൈല്‍ഡ്‌ലൈന്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുകയും തെറ്റിനു മാപ്പുപറയുകയും ചെയ്തിട്ടും കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തയാറായിട്ടില്ല. കുട്ടികളെ സ്‌കൂളില്‍ നിന്നും അവഗണിക്കുകയോ പക്ഷപാതപരമായി പെരുമാറുകയോ ചെയ്താല്‍ ഇവര്‍ കുറ്റവാളികളാകാന്‍ സാധ്യതയുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it