thiruvananthapuram local

കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയ സംഭവം: പോലിസ് കേസെടുത്തു

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് സ്‌കൂള്‍ അധ്യാപകന്‍ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തി ശിക്ഷിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു.
അധ്യാപകന്‍ ആല്‍വിന്‍ ജോസഫ്, നെയ്യാറ്റിന്‍കര ഡിഇഒ ചാമിയാര്‍, സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ സനല്‍കുമാര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്. ശിക്ഷയ്ക്ക് വിധേയനായ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കാഞ്ഞിരംകുളം പോലിസിന്റെ നടപടി. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള സ്‌കൂളില്‍ അധ്യാപകന്‍ കുട്ടികളെ ഒരുമണിക്കൂര്‍ മുട്ടുകാലില്‍ നിര്‍ത്തി ശിക്ഷിച്ചത് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് ഡിപിഐയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ നെയ്യാറ്റിന്‍കര ഡിഇഒ പ്രാകൃതമായ നടപടിയെക്കുറിച്ച് വിചിത്രമായി റിപോര്‍ട്ടാണ് തയ്യാറാക്കിയത്. കുട്ടികള്‍ കളിക്കുകയായിരുന്നുവെന്നും കുട്ടികളും ഇക്കാര്യം സമ്മതിച്ചുണ്ടെന്നുമായിരുന്നു ഡിപിഐക്ക് ഡിഇഒ ചാമിയാര്‍ നല്‍കിയ റിപോര്‍ട്ട്.
എന്നാല്‍, ദൃശ്യങ്ങള്‍ കാണുകയോ അധ്യാപകന്‍ മാധ്യമങ്ങളോട് ശിക്ഷ നല്‍കിയത് സമ്മതിക്കുന്നത് കേള്‍ക്കുകയോ ചെയ്യാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇതോടെയാണ് സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് രക്ഷിതാക്കള്‍ പോലിസിനെ സമീപിച്ചത്.
അധ്യാപകന്റെ ശിക്ഷയ്ക്ക് വിധേയനായ ഒരു കുട്ടിയുടെ രക്ഷിതാക്കളാണ് കാഞ്ഞിരംകുളം പോലിസില്‍ പരാതി നല്‍കിയത്. അധ്യാപകന്റെ പ്രാകൃതമായ ശിക്ഷയില്‍ കുട്ടി കടുത്ത മാനസികപീഡനം നേരിട്ടതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയനായെന്നും അധ്യാപകന്റെ തെറ്റ് മറച്ചുവയ്ക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി അനുകൂലി മൊഴി രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പഠനം തടസ്സപ്പെടുത്തിയതിനും വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോന നടത്തിയതിനും ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Next Story

RELATED STORIES

Share it