ernakulam local

കുട്ടികളുടെ പാര്‍ക്കിന് പുതിയ പ്രൗഢി

കൊച്ചി: എറണാകുളം കുട്ടികളുടെ പാര്‍ക്കും റിക്രിയേഷന്‍ പോണ്ടും അനുബന്ധ മറൈന്‍െ്രെഡവ് വാക്ക് വേയും ആധുനിക നിലവാരത്തില്‍ നവീകരിക്കാന്‍ പദ്ധതി. സാഹസിക വിനോദ ഉപാധികളും ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുമതിയായി.
സാഹസിക വിനോദ ഉല്ലാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി സൗന്ദര്യവല്‍ക്കരിക്കുന്ന കുട്ടികളുടെ പാര്‍ക്കും മറൈന്‍ ഡ്രൈവ് വാക്ക് വേയും നൂതന ഉല്ലാസ അനുഭവം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സമ്മാനിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഗോ കാര്‍ട്ടിംഗ്, സ്‌കൈ സൈക്ലിംഗ്, ബമ്പര്‍ കാര്‍ റൈഡ്, ബമ്പര്‍ ബോട്ടിംഗ്, ഷൂട്ടിംഗ് റേഞ്ച്, അമ്പെയ്ത്ത്, റോളര്‍ സ്‌കേറ്റിംഗ് ഹോക്കി, റോപ്പ് ഹക്കിംഗ്, റോപ്പ് ക്ലൈംബിംഗ്, നെറ്റ് ഹക്കിംഗ്, എലവേറ്റഡ് ഗാലറി, നൂതന പ്രകാശ സംവിധാനങ്ങള്‍, ലാന്‍ഡ് സകേപ്പിംഗ്, ഓപ്പണ്‍ എയര്‍ സ്‌റ്റേജ് തുടങ്ങിയ വിനോദോപാധികളാണ് പുതിയ പദ്ധതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ആറു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ടൂറിസം വകുപ്പിന്റെ ധനസഹായത്തോടയാണ് നടപ്പാക്കുക. പദ്ധതിയുടെ നിര്‍വഹണ ചുമതല ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനാണ്.
കുമാര്‍ ഗ്രൂപ്പിലെ ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍ ആണ് പദ്ധതി റിപോര്‍ട്ട് അവതരിപ്പിച്ചത്.
ഹൈബി ഈഡന്‍ എംഎല്‍എ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ ജെ ടോമി, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എംഡി അസിം ഇസ്മയില്‍, ഡിടിപിസി ജനറല്‍ മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രണ്ടു ദിവസത്തിനുള്ളില്‍ ടൂറിസം വകുപ്പിന് പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്നതിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതിയും രൂപീകരിച്ചു.
Next Story

RELATED STORIES

Share it