കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം: രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമപെടാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ കാര്യത്തില്‍ സ്വന്തം രക്ഷിതാക്കള്‍ക്കുതന്നെയാണ് പ്രധാന ഉത്തരവാദിത്തം. അശ്ലീല സൈറ്റുകളിലേക്കും മറ്റും ചെന്നെത്തുന്നതും അതിനടിമപ്പെടുന്നതും തടയേണ്ടതു രക്ഷിതാക്കളാണെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ നിരീക്ഷിച്ചു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണു കോടതി നിരീക്ഷണം. രക്ഷിതാക്കളുടെ ശ്രദ്ധ പതിയാത്തവിധം ഒറ്റപ്പെട്ട രീതിയില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിച്ചു കുട്ടികള്‍ക്ക് ഇവ കൈകാര്യംചെയ്യാനുള്ള അവസരമുണ്ടാക്കുന്നത് ഇന്റര്‍നെറ്റ് ദുരുപയോഗത്തിനു കാരണമാവുന്നുണ്ട്.
രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും അവരുടെ ഉത്തരവാദിത്തമില്ലായ്മയും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും സംഭവങ്ങളിലും പങ്കുവഹിക്കുന്നുണ്ട്. അശ്ലീല സൈറ്റുകള്‍ കുട്ടികള്‍ക്കു ലഭിക്കുന്നത് രക്ഷിതാക്കള്‍ തടയണമെന്നും കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോന്നി സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറിയും മൊഴികളുമുള്‍പ്പെടെ രേഖകള്‍ മുദ്രവച്ച കവറില്‍ ഒരാഴ്ചയ്ക്കകം നല്‍കാനും കോടതി നിര്‍ദേശിച്ചു.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ പോലിസ് അന്വേഷണം പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it